കരുനാഗപ്പള്ളി: ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി ചരിത്രം ഉറങ്ങുന്ന ഓച്ചിറ പടനിലത്ത് ഓച്ചിറക്കളിക്ക് സമാപനം. ക്ഷേത്രത്തിന്റെ പരിധിയിലുള്ള 56 കരകളില്‍ നിന്നുള്ള കളരികളില്‍ കഴിഞ്ഞ ഒരുമാസമായി നടന്ന പരിശീലനത്തിന്റെ പ്രദര്‍ശനത്തില്‍ നൂറുകണക്കിന് യോദ്ധാക്കളാണ് അണിനിരന്നത്. പന്ത്രണ്ട് മണികഴിഞ്ഞതോടെ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ കളരിഗുരുക്കന്മാരെയും യോദ്ധാക്കളെയും സ്വീകരിച്ച് അല്‍ത്തറയും ഒണ്ടിക്കാവിനും വലംവച്ച് കളിക്കണ്ടത്തില്‍ എത്തി കരനാഥന്മാര്‍ക്ക് കരപറഞ്ഞ് കൈകൊടുത്തു കഴിഞ്ഞപ്പോള്‍ ഇരുകരകളിലും തയാറായിനിന്ന യോദ്ധാക്കള്‍ യുദ്ധം ആരംഭിച്ചു. അലങ്കരിച്ച ഋഷഭങ്ങളുടെയും മുത്തുകുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി നടന്ന സ്വീകരണ പരിപാടിക്ക് ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.വി.എസ്.മേനോന്‍, സെക്രട്ടറി വി.സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കടപ്പാട് : രഞ്ജിത്ത് ബാബു