ആരാണ് ഒടിയൻ: നവാഗതനു സൂപ്പർ താരം ഡേറ്റ് കൊടുത്തത് എന്തിന്; ഒടിയന്റെ ആ രഹസ്യം പുറത്തായി

സ്വന്തം ലേഖകൻ

കൊച്ചി: പുലിമുരുകനും, ഒപ്പവും, വിസ്മയവും അടക്കമുള്ള കോടികൾ വാരിയ പടങ്ങളുടെ താരക്കിലുക്കത്തിൽ തിളങ്ങി നിന്ന മോഹൻ ലാൽ എന്തിനാണ് നവാഗതനായ ശ്രീകുമാർ മേനോന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. താരതമ്യേന നവാഗതനായ ശ്രീകുമാർ മേനോന്റെ രണ്ടു ചിത്രങ്ങൾക്കാ്ണ് മോഹൻലാൽ ഡേറ്റ് നൽകിയിരിക്കുന്നത്. ഒന്ന് ഒടിയനാണെങ്കിൽ മറ്റൊന്നിന്റെ പേര് കേട്ടാൽ ഞെട്ടും. രണ്ടാമൂഴം..!
മലയാള ചലച്ചിത്രലോകത്ത് ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന പ്രോജക്ടാണ് രണ്ടാമൂഴം. സിനിമയിൽ നവാഗതനായ ഇദ്ദേഹം ഇത്ര വലിയ ക്യാൻവാസിൽ ഒരു ചിത്രമൊരുക്കുമോ എന്ന സംശയവും പരക്കെ നിലനിൽക്കുന്നുണ്ട്. ഏതായാലും രണ്ടാമൂഴം വാർത്തകൾക്കിടയിൽ വേണ്ടത്ര പ്രാധാന്യം ഒടിയൻ ചിത്രത്തിന് കിട്ടിയോ എന്നു സംശയമുണ്ട്. ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തിന് മുൻപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. നവാഗതസംവിധായകർക്ക് പൊതുവെ ഡേറ്റ് കൊടുക്കാത്ത മോഹൻലാൽ ശ്രീകുമാറിൽ വെച്ചിരിക്കുന്ന വിശ്വസവും കരുതലും എത്രത്തോളം വലുതായിരിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. ഏതാണ്ട് 40 കോടി രൂപയോളം മുടക്കി ത്രീഡി ആയിട്ടവും ചിത്രം ഒരുക്കുക എന്നറിയുന്നു. അപ്പോൾ ബാക്കി വരുന്ന സംശയം ഇതാണ്,, എന്താണ് ഒടിയൻ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വസിക്കാൻ പറ്റാവുന്നതും വിശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതുമായ ഒട്ടനവധി മിത്തുകളിലാണ് കേരളം ഉറങ്ങുന്നത്. പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചത് മുതൽ മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നു വരെയുള്ള അവിശ്വസനീയമായ മിത്തുകൾ. ഈ ഐതിഹ്യപെരുമയിൽ ലോകത്തിനു തന്നെ മാതൃകയായ ആയുർവേദവും കളരിയുമൊക്കെയും നമുക്ക് സ്വന്തം. അത്തരത്തിൽ 1930കളിൽ നിലനിന്നിരുന്നു എന്നു വിശ്വസിക്കുന്ന ഒന്നാണ് ഒടിവിദ്യ. ഒടിവിദ്യ പ്രയോഗിക്കുന്നവൻ ഒടിയനും. ജാതിയും മതവും തുടങ്ങി അന്തവിശ്വസങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടായത് കൊണ്ടാണോ എന്തോ ഒടിവിദ്യ അറിയാവുന്നവർ പ്രധാനമായും സമൂഹത്തിന്റെ കണ്ണിൽ കീഴ്ജാതിക്കാരായ പാണർ, പുലയർ, പനയർ, വേലർ എന്നീ വിഭാഗങ്ങൾ ആണ്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുക എന്നതൊക്കെയാണ് ഒടിവിദ്യയുടെ പ്രധാന സവിശേഷതയായി അവർ കണക്കാക്കുന്നത്.

എതിരാളിയുടെ ജന്മനക്ഷത്രം, ജന്മദിനം, ജനിച്ച വർഷം എന്നിവ ഹൃദിസ്ഥമാക്കി ഒടിവിദ്യയിലെ പ്രധാനമന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ട് ഒരു ചുള്ളിക്കമ്പു ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ല് തകർന്നു അയാൾ മരിക്കുമത്രെ. അത്ര ശക്തമായ മാന്ത്രികവിദ്യയാണ് ഒടിയന്മാർ പ്രയോഗിക്കുന്നത്. നായായും നരിയായും മാറുന്ന നരന്മാരെ കുറിച്ചുള്ള കഥകൾ മുത്തശ്ശികഥകൾ ആയി നമ്മിൽ പലരും കെട്ടിട്ടുണ്ടാവാം. ഒടിവിദ്യ സ്വായത്തമാക്കിയ ഒരാൾക്ക് ഇങ്ങനെ നായായോ നരിയായോ, പോത്തായോ, കല്ലായോ മാറാൻ സാധിക്കും. ടാർഗറ്റ് ചെയ്യുന്ന വ്യക്തിക്ക് മുൻപിൽ
വേഷം മാറി എത്തി അവരെ കീഴ്‌പെടുത്തുമ്പോൾ വേഗത കൊണ്ടു തന്നെ എതിരാളിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കുന്നതിന് മുൻപ് ആയാളുടെ മരണം സംഭവിച്ചു കഴിഞ്ഞിരിക്കും. ഉദാഹരണത്തിന് നിങ്ങളെയാണ്
ഒടിയൻ ലക്ഷ്യം വെക്കുന്നതെന്ന് കരുതുക. നിങ്ങൾ നടക്കുന്ന വഴിയിൽ ഒരു പാറക്കല്ലു കാണുന്നു. ഒന്നുകിൽ അത് ചാടിക്കടക്കും, അല്ലെങ്കിൽ വഴി മാറിപ്പോകും. നിങ്ങൾ ചാടിയാൽ പാറ മുകളിലേക്ക് വന്നു നിങ്ങളെ ഇടിച്ചു കീഴ്‌പ്പെടുത്തും, അതല്ല മാറി നടന്നാൽ ഉരുണ്ടുവന്നു കൊല്ലും. ഏത് രൂപത്തിലാണോ മാറുന്നത് ആ രൂപത്തിൽ ഇരുന്നു തന്നെ മന്ത്രം ചൊല്ലി പഴയ രൂപത്തിലാവാനും സാധിക്കും. ഇത്തരത്തിൽ രൂപം മാറി വരുന്ന ഒടിയന്മാരെ തിരിച്ചറിയാനും മാർഗമുണ്ട്, ഉദാഹരണത്തിന് ഒരു പോത്തിന്റെ രൂപത്തിലാണ് അത് നിങ്ങൾക്ക് മുൻപിൽ വരുന്നതെങ്കിൽ ചിലപ്പോൾ അതിനു വാലുണ്ടാവില്ല, ചിലപ്പോൾ മൂന്ന് കാലേ ഉണ്ടാവൂ. ഇത്തരത്തിൽ എന്തെങ്കിലും വൈകല്യം, അല്ലെങ്കിൽ ഒരടയാളം ഒടിയൻ ബാക്കി വെക്കും.

ഈ രൂപമാറ്റത്തിനു സഹായിക്കുന്ന പച്ചിലമരുന്നുകളും മന്ത്രവിദ്യകളും പോലെ പ്രധാനപ്പെട്ട ഒന്നുകൂടിയുണ്ട്. അസാമാന്യമായ കാഴ്ച്ച ശക്തിയും കേൾവിശക്തിയും. രാത്രിയിലും പകൽ പോലെ കാഴ്ചകൾ കാണാനുള്ള സിദ്ധിയും ഇവർ കൈവശപ്പെടുത്തിയിട്ടുണ്ട്. പൂര്ണവളർച്ചയെത്താത്ത ഭ്രുണം, അതും കടിഞ്ഞൂൽ പ്രസവത്തിലുള്ളതാണ് വേണ്ടത്. ആദ്യമായി ഗര്ഭിണിയാവുന്ന ഒരു യുവതിയെ മന്ത്രശക്തി ഉപയോഗിച്ചു വശീകരിച്ച് രാത്രിയിൽ വീട് വിട്ടിറക്കുന്നു. അബോധാവസ്ഥയിൽ വീട് വിട്ടിറങ്ങുന്ന സ്ത്രീയുടെ ഭ്രൂണം മുള കൊണ്ടുണ്ടാക്കിയ കത്തി കൊണ്ട് പുറത്തെടുക്കുന്നു. ഇതിനു ശേഷം തിരിച്ചു നടന്നു പോകുന്ന സ്ത്രീ രാവിലെ കിടക്കയിൽ മരിച്ചു കിടക്കും. ഒരു തെളിവും ഒരു പാടും അവശേഷിക്കില്ല എന്നതിനാൽ ഒരു സാധാരണ മരണം മാത്രമായി ഒതുങ്ങുമത്. ഇങ്ങനെ ശേഖരിക്കുന്ന ഭ്രൂണവും കരിക്കും മറ്റു ചില സാധനങ്ങൾ കൂടിയും മിക്‌സ് ചെയ്തു വെക്കുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് ഡ്രൈ ആയി ഒരുതരം ദ്രാവകം പുറപ്പെടുവിക്കാൻ തുടങ്ങും. ഈ ദ്രാവകം കണ്ണിനു ചുറ്റും പുരട്ടിയും ചെവിയിൽ പുരട്ടിയുമാണ് ഒടിവിദ്യ പ്രയോഗിക്കുന്നത്. രാത്രിയിലും കാഴ്ച ലഭിക്കാൻ ഇതാണത്രെ സഹായിക്കുന്നത്.

ഒടിവിദ്യക്കിടയിൽ ചെവിയിലും കണ്ണിലും പുരട്ടിയ ഈ ദ്രാവകം കഴുകിക്കളഞ്ഞാൽ ക്രിയ പൂർത്തീകരിക്കാൻ സാധിക്കില്ല എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്.  ഒരു നമ്പൂതിരിക്ക് മുൻപിൽ ഒരിക്കൽ ഇതുപോലെ രണ്ടു പോത്തുകൾ പ്രത്യക്ഷപ്പെട്ടു. താന്ത്രിക വിദ്യയിലും പ്രാവീണ്യം ഉണ്ടായിരുന്ന ഇദ്ദേഹം ഈ പോത്തുകളെ കൂട്ടിക്കെട്ടി ചെവിയിൽ വെള്ളമൊഴിച്ചു. അപ്പോൾ മുന്നിൽ നിന്ന പോത്തുകളുടെ സ്ഥാനത് നഗ്‌നരായ രണ്ടു പുരുഷന്മാർ പ്രത്യക്ഷപ്പെട്ടു. ഇത്തരം കഥകളും ഇക്കാര്യത്തിൽ പ്രചരിക്കുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത് ഒടിവിദ്യ ഇപ്പോൾ പ്രചാരത്തിൽ ഇല്ലെങ്കിലും കേരളത്തിലും അന്ധ്രയിലുമായി ഏതാണ്ട് അമ്പതിലധികം ആളുകൾ ഇപ്പോഴും ഒടിവിദ്യ അറിയാവുന്നവരായി ജീവിച്ചിരിപ്പുണ്ടെന്നാണ്. 2013ൽ അവസാനമായി ഇത്തരം ഒരു സംഭവം ഉണ്ടായി എന്നും അവർ രേഖപ്പെടുത്തുന്നു.

ഏതായാലും മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ വിജയവും നിലവാരവും ആയിരിക്കും രണ്ടാമൂഴത്തിന്റെ ഭാവി നിർണയിക്കുക. അവിശ്വസനീയമായ ഈ മിത്തിനെ എങ്ങനെ അവതരിപ്പിച്ചു വിജയിപ്പിക്കും എന്നതാണ് സംവിധായകനെ സംബന്ധിച്ചിടത്തോളം അയാളുടെ മികവിനെ അടയാളപ്പെടുത്താനുള്ള മാനദണ്ഡം. 3ഡി സാങ്കേതികവിദ്യയിൽ റിലീസ് ആകുകയാണെങ്കിൽ ഒന്നാംതരം വിശ്വൽ ട്രീറ്റ്മെന്റ് തന്നെ പ്രതീക്ഷിക്കാം. രണ്ടാമൂഴത്തിലേക്കുള്ള കാത്തിരിപ്പിന് പ്രതീക്ഷ നൽകാൻ ഒടിയന് സാധിക്കട്ടെ.

Top