ലണ്ടൻ: ബ്രിട്ടനിൽ സെക്സ് നൽകിയാൽ അതിനു പ്രതിഫലമായി താമസം സൗജന്യമായി നൽകുന്ന വീട്ടുടമകൾ പെരുകി വരുന്നതായി റിപ്പോർട്ട്. രാജ്യത്ത് വളർന്ന് വരുന്ന പുതിയ റെന്റ് മാർക്കറ്റിന്റെ സ്വഭാവം ഇത്തരത്തിലാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ എണ്ണം പെരുകുന്നുവെന്നും സൂചനയുണ്ട്. ഒരു ന്യൂസ് ഏജന്റിന്റെ വിൻഡോയ്ക്ക് മേൽ ഒട്ടിച്ച് വച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം കടുത്ത ആശങ്കയാണുയർത്തിയിരിക്കുന്നത്.
പൂർണമായും ഫർണിഷ് ചെയ്തിരിക്കുന്ന വീടിന് യാതൊരു വിധത്തിലുമുള്ള ബില്ലുകളും അടക്കേണ്ടി വരില്ലെന്നും പകരം തനിക്ക് ചുംബനങ്ങളും ആലിംഗനവും നൽകിയാൽ മതിയെന്നുമാണ് ഇത്തരം ചില പരസ്യങ്ങളിലൂടെ ലാൻഡ്ലോർഡുമാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകൾക്ക് മാത്രമേ ഇത്തരത്തിലുള്ള വീടുകൾ നൽകുകയുള്ളൂ. സെക്സ് നൽകിയാൽ റൂമോ ഫ്ലാറ്റോ സൗജന്യമായി താമസിക്കാൻ നൽകാമെന്ന് സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം ബെർമിങ്ഹാമിലും ദൃശ്യമായിട്ടുണ്ട്. വാടകകൾ വർധിച്ച് വരുന്ന ഈ കാലത്ത് ഇത്തരം പരസ്യങ്ങൾ ചില സ്ത്രീകളെയെങ്കിലും പ്രലോഭിപ്പിക്കുമെന്നുറപ്പാണ്.
ഇത്തരത്തിലുള്ള ഒരു പരസ്യം കണ്ട് ഡെയിലിമെയിൽ പത്രത്തിന്റെ ഒരു വനിതാ റിപ്പോർട്ടർ പേര് മാറ്റി ബന്ധപ്പെട്ടിരുന്നു. മറുതലയ്ക്കൽ ഫോണെടുത്തയാൾ സ്റ്റീവ് എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ റൂം മറ്റൊരു സ്ത്രീക്ക് നൽകിപ്പോയെന്നും അയാൾ പറഞ്ഞിരുന്നു. താൻ വിവാഹബന്ധം വേർപിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ആളാണെന്നും അതിനാലാണ് ഇത്തരത്തിലൊരു ബന്ധം വേണമെന്ന് തോന്നിയതെന്നും സ്റ്റീവ് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ ഔപചാരികമായി സമീപിച്ചപ്പോൾ എപ്പോൾ, എവിടെയാണീ പരസ്യം നൽകിയതെന്ന കാര്യം വെളിപ്പെടുത്താൻ അയാൾ തയ്യാറായതുമില്ല.
ഇത്തരത്തിലുള്ള മറ്റൊരു പരസ്യം ക്രെയ്ഗ്സ് ലിസ്റ്റിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാൽസാളിലെ പ്രോപ്പർട്ടിയുടെ പരസ്യമായിരുന്നു ഇത്. രണ്ട് ബെഡ് ഫ്ലാറ്റിൽ സൗജന്യ റൂം വാഗ്ദാനം ചെയ്തുള്ള പരസ്യമായിരുന്നു ഇത്. ഉചിതയായ സ്ത്രീക്കിത് നൽകുമെന്നായിരുന്നു ഓഫർ. താൻ ലണ്ടനിലാണ് ജോലി ചെയ്യുന്നതെന്നും മിക്ക സമയത്തും യാത്രയിലായിരിക്കുമെന്നും അതിനാൽ ഇവിടെ താമസിക്കാനെത്തുന്ന സ്ത്രീക്ക് ഇത് മിക്ക സമയത്തും സ്വന്തം ഫ്ലാറ്റ് പോലെ ഉപയോഗിക്കാമെന്നുമായിരുന്നു ആ പരസ്യം. ഇതിന് പകരം ഈ ഫ്ലാറ്റ് വൃത്തിയായി സൂക്ഷിക്കണമെന്നും തനിക്ക് സെക്സ് നൽകണമെന്നുമാണ് ഫ്ലാറ്റുടമ ഈ പരസ്യത്തിലൂടെ ആവശ്യപ്പെടുന്നത്. 35 വയസിൽ താഴെയുള്ളവർക്കാണ് മുൻഗണനയേകിയിരിക്കുന്നത്. ഈ സൈറ്റിൽ ഇതു പോലുള്ള മറ്റ് പോസ്റ്റുകളും കാണാം.