ബെംഗളൂരു: കര്‍ണാടകത്തിലെ മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ബെംഗളൂരിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്.
ഭീമാ നായികിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പണംവെളു പ്പിച്ചതിനെക്കുറിച്ച് തനിക്കറിയാമെന്നതിനാല്‍ നിരന്തരമായി വധഭീഷണിലഭിച്ചിരുന്നുവെന്നും മനംമടുത്താണ് ആത്മഹത്യ ചെയ്യുന്നതെന്നും രമേഷ് ഗൗഡ കുറിപ്പില്‍ ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച്ചയാണ് രമേഷ് ഗൗഡ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭീമാ നായിക്കിന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
നൂറു കോടി രൂപയുടെ കള്ളപ്പണം റെഡ്ഡി എങ്ങനെയാണു വെളിപ്പിച്ചതെന്നകാര്യം തനിക്കറിയാമായിരുന്നെന്ന് ആത്മഹത്യാ കുറിപ്പില്‍ ഗൗഡ ആരോപിച്ചു. ഇതിന്റെ പേരില്‍ നിരവധി വധഭീഷണികള്‍ തനിക്കെതിരെ ഉണ്ടായി. മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാന്‍ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്.
വെളുപ്പിച്ച പണത്തില്‍ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നല്‍കി. മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി നേതാവും എംപിയുമായ ശ്രീരാമലുവിനൊപ്പം റെഡ്ഡി ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സാഹയത്തിനു പകരമായി 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിലെ മന്ത്രിയായിരുന്നു റെഡ്ഡി. ഖനി അഴിമതിക്കേസില്‍ അറസ്റ്റിലായപ്പോള്‍ മന്ത്രിസ്ഥാനം നഷ്ടമായി. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്.
500 കോടിയോളം രൂപയാണു മകളുടെ വിവാഹത്തിനു റെഡ്ഡി ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് അസാധുവാക്കലില്‍ രാജ്യം ഒന്നടങ്കം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന ആഴ്ചയിലാണ് ബെംഗളൂരില്‍ അത്യാഡംബര വിവാഹം നടന്നത്. തുടര്‍ന്ന് ബെല്ലാരിയിലുള്ള റെഡ്ഡിയുടെ വസതിയിലും ഖനി കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
പ്രാദേശിക ബിജെപി നേതൃത്വം കല്യാണത്തില്‍ നിന്ന വിട്ടു നില്‍ക്കണമെന്ന കേന്ദ്രനിര്‍ദ്ദേശമുണ്ടിയിട്ടും യെദിയൂരപ്പയും ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും കല്യാണ തലേന്ന് റെഡ്ഡിയുടെ വസതിയിലെത്തിയിരുന്നു.