പ്രളയക്കെടുതിക്കിടെ എണ്ണ വില വര്‍ധിപ്പിച്ച് കമ്പനികള്‍; പതിനൊന്ന് ദിവസം കൊണ്ട് കൂടിയത് ഒരു രൂപയിലധികം

പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എണ്ണ വില വര്‍ധന. സംസ്ഥാനം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എണ്ണ കമ്പനികള്‍ ദിവസവും വില വര്‍ധിപ്പിക്കുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.06 രൂപയും ഡീസലിന് 1.09 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രളയക്കെടുതികള്‍ ആരംഭിച്ച ആഗസ്ത് 16 മുതലാണ് എണ്ണവിലയിലെ വര്‍ധനവ് ആരംഭിച്ചത്. അഞ്ചു പൈസ വീതമാണ് വില കൂട്ടിതുടങ്ങിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ബുധനാഴ്ച 14 പൈസ വര്‍ധിച്ച് 81.45 രൂപയിലെത്തി.

ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 80.03 രൂപയും ഡീസലിന് 73.32 രൂപയുമാണ് വില. ജൂലൈയിലും ആഗസ്തലുമായി പെട്രോള്‍ ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വര്‍ധിച്ചു. പെട്രോള്‍ വിലയില്‍ 68 പൈസയും ഡീസല്‍ വിലയില്‍ 48 പൈസയും സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ്. എണ്ണകമ്പനികള്‍ ലാഭവിഹിതം വര്‍ധിപ്പിച്ചതും വില കൂടാന്‍ കാരണമാണ്. 2014 ല്‍ 10 ശതമാനം ലാഭം ഈടാക്കിയിരുന്ന കമ്പനികള്‍ ഇപ്പോള്‍ 16 ശതമാനം ലാഭം എടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്‍മൂലം അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 147 ഡോളറായിരുന്നപ്പോള്‍ കേരളത്തില്‍ ഡീസല്‍ ലിറ്ററിന് 63 രൂപയായിരുന്നു വില. ഇപ്പോള്‍ എണ്ണവില ബാരലിന് 72 ഡോളറിലെത്തി നില്‍ക്കുമ്പോള്‍ വില കുറഞ്ഞിട്ടില്ല. ഡീസലിന് 75 രൂപയോളം ലിറ്ററിന് നല്‍കേണ്ടിയും വരുന്നു. എണ്ണ വില നിശ്ചയിക്കുന്നതിനുളള അധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കിയതോടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.

Top