![](https://dailyindianherald.com/wp-content/uploads/2019/02/cpi-kananm.png)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ഥികള്‍ ആയിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതനെ തേടില്ലെന്നും കാനം പറഞ്ഞു. സിപിഐയുടെ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും. ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സഹകരണം കേരളത്തില്‍ ഇടതുമുന്നണിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും കാനം പ്രതീക്ഷ പങ്കുവെച്ചു.
സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അത് നിരാകരിക്കുകയായിരുന്നു. നാലു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളായിരിക്കും മത്സരിക്കുക.
യുണൈറ്റഡ് നഴ്സസ് അസേസിയേഷന് നേതാവ് ജാസ്മിന് ഷാ വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ കാനം രാജേന്ദ്രന് തള്ളിക്കളഞ്ഞു. തിരുവനന്തപുരം സീറ്റില്‍ ദേശിയ വനിതാ നേതാവ് ആനി രാജ അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. നാലു സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജാസ്മിന്‍ഷായെ നിര്‍ത്തുന്നതില്‍ നിന്ന് സിപി ഐ പിന്മാറിയതെന്നാണ് സൂചന. പാര്‍ട്ടി ചിഹ്നത്തില്‍ കിട്ടുന്ന വോട്ടുകള്‍ ദേശീയ പാര്‍ട്ടി പദവിയ്ക്ക് നിര്ണായകമായതിനാല് തല്ക്കാലം സ്വതന്ത്രരെ നിര്‍ത്തേണ്ടെന്നാണ് കേന്ദ്രനിര്‍ദ്ദേശം.