കൊച്ചി : മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ മാതാപിതാക്കളുടെ സ്വത്ത് ഇനി സര്‍ക്കാരിന് നല്‍കാം. ഇത്തരത്തില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ നല്‍കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാനായി വയോജനക്ഷേമ ട്രസ്റ്റ് രൂപീകരിക്കും. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവരും സംബന്ധിച്ച കരട് സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്.
ജൂണ്‍ മാസത്തിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, നിലവില്‍ ഇത് ഏറ്റെടുക്കാനുള്ള സംവിധാനമില്ല. ഇതിനാലാണ് ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്.
സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി.
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന വികസനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധകര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും.