കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം ബാങ്കുകള്‍ തുറന്നപ്പോള്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. പണം മാറാനും നിക്ഷേപിക്കാനും എത്തുന്നവരുടെ നീണ്ടക്യൂവാണ് രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും. പുതിയ 500, 2000 രൂപ നോട്ടുകള്‍ പല ബ്രാഞ്ചുകളിലും എത്തിയിട്ടില്ല. നൂറുരൂപ നോട്ടുകളുടെ അധിക സ്റ്റോക്കുകളും ബാങ്കുകളില്‍ എത്തിയിട്ടില്ല. അതേ സമയം പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ തുടക്കത്തില്‍ തന്നെ പിഴച്ചു.
മതിയായ പണം പോസ്റ്റ് ഓഫീസുകളില്‍ എത്തിക്കാന്‍ ആയിട്ടില്ല. ഇന്ന് ഉച്ച മുതല്‍ മാത്രമെ പോസ്റ്റ് ഓഫീസ് വഴിയുള്ള പണം മാറ്റം സാധ്യമാവുകയുള്ളു. പോസ്റ്റ് ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനവും തകിടം മറിഞ്ഞു. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രതിദിനം പതിനായിരം രൂപ മാത്രമെ അനുവദിക്കാനാവു എന്നാണ് ബാങ്കുകളുടെ നിലപാട്.
മാറ്റി നല്‍കാനുള്ള പുതിയ നോട്ടും 100 രൂപയുടെ അധിക സ്റ്റോക്കും പല ബാങ്കുകളിലും എത്താത്തത് പലയിടത്തും തര്‍ക്കങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പൂരിപ്പിച്ച് നല്‍കാനുള്ള അപേക്ഷകള്‍ തീര്‍ന്നതും തര്‍ക്കങ്ങള്‍ക്കും ബഹളത്തിനും ഇടയാക്കുന്നു.
നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വ്യക്തമായ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് മാറിവാങ്ങാം. പണം മാറി വാങ്ങാനും നിക്ഷേപിക്കാനും ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കണം. എന്നാല്‍ ഈ അപേക്ഷയ്ക്കും ക്ഷാമം നേരിട്ടു തുടങ്ങി.
എടിഎം കൌണ്ടറുകള്‍ നാളെ മുതലേ പ്രവര്‍ത്തിച്ചു തുടങ്ങൂ. സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം ബാങ്കുകളുടെ മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പല ബാങ്കുകളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റി 100 രൂപ നോട്ട് വാങ്ങാനാണ് വലിയൊരു വിഭാഗം ബാങ്കുകളിലേക്ക് എത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കൊച്ചിയിലെ പ്രദേശിക ഓഫീസിലുള്‍പ്പെടെ വലിയ ക്യൂ ആണ് ഉള്ളത്. വിദേശ വിനോദ സഞ്ചാരികളടക്കം ക്യൂവിലാണ്.
നോട്ടുകള്‍ മാറാനും നിക്ഷേപിക്കാനും എത്തുന്നവര്‍ക്ക് പരമാവധി മുന്‍ഗണന നല്‍കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. പരമാവധി ജീവനക്കാരെ കൌണ്ടറുകളില്‍ നിയോഗിക്കണം. ബ്രാഞ്ചുകളിലെ കൌണ്ടറുകളിലൂടെ വ്യാഴാഴ്ച മുതല്‍ പുതിയ 500, 2000 രൂപ നോട്ടുകള്‍ നല്‍കി തുടങ്ങും. സ്വന്തം അക്കൌണ്ടില്‍ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ നിക്ഷേപിക്കാനാവൂ. ബാങ്ക് കൌണ്ടറുകള്‍ വഴിയുള്ള പണം പിന്‍വലിക്കലിന് പ്രതിദിനം പതിനായിരം രൂപയെന്നും ആഴ്ചയില്‍ ഇരുപതിനായിരം രൂപയെന്നും പരിധി നിശ്ചയിച്ചു. ഈ നിയന്ത്രണം രണ്ടാഴ്ചത്തേക്ക് തുടരും.
എടിഎമ്മുകള്‍ വഴി ഈ നോട്ടുകളുടെ വിതരണം റിസര്‍വ് ബാങ്ക് ഇനിയൊരു ഉത്തരവ് വരെ ഉണ്ടാകില്ല. അതുവരെ എടിഎമ്മുകള്‍ വഴി 100, 50 രൂപ നോട്ടുകള്‍ മാത്രം. നവംബര്‍ എട്ടുവരെ സൂക്ഷിച്ച 500, 1000 നോട്ടുകളുടെ ആകെ കണക്ക് വെള്ളിയാഴ്ച ഒരു മണിക്ക് മുമ്പ് കൃത്യമായി അറിയിക്കാന്‍ ബാങ്കുകളോടും ട്രഷറികളോടും ആര്‍ബിഐ ആവശ്യപ്പെട്ടു. ഈ തുക കൃത്യമായി അതത് ബാങ്കുകളുടെയും ട്രഷറികളുടെയും അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. കാഷ് ഡിപ്പോസിറ്റ് മെഷീനുകളില്‍ പഴയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ നിക്ഷേപിക്കാം.