മാനന്തവാടി: റിയോയിലെ നക്ഷത്രക്കൂട്ടത്തിനിടെ മെഡല്‍ പ്രതീക്ഷയുമായി ഒ.പി. ജെയ്ഷ. ഓഗസ്റ്റില്‍ ബ്രസീലിലെ റിയോ ഡി ജനീറോ വേദിയാകുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിട്ട് മലയാളത്തിന്റെ അഭിമാന താരം ഒ.പി. ജെയ്ഷ വിദഗ്ധ പരിശീലനത്തിന് വിദേശത്തേക്ക്. യുഎസിലെ കാലിഫോര്‍ണിയയിലാണ് പരിശീലനം നടത്തുന്നത്. അടുത്ത മാസം 29ന് യാത്രതിരിക്കും.
മുംബൈ മാരത്തോണിലെ മെഡല്‍ നേട്ടത്തിനു ശേഷം വയനാട് തൃശ്ശിലേരിയില്‍ വീട്ടുകാരോടൊപ്പം രണ്ട് ദിവസം ചെലവഴിച്ചശേഷം ജെയ്ഷ പരിശീലനത്തിന് ബെംഗളൂരുവിലേക്കു പോയി. അവിടെനിന്നാണ് യുഎസ് യാത്ര. അഞ്ച് മാസം നീളുന്ന വിദേശ പരിശീലനത്തിനിടെ നിരവധി മീറ്റുകളിലും ജെയ്ഷ പങ്കെടുക്കും. ഇതിലൂടെ ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് താരത്തിനുള്ളത്. 1,500, 5,000 മീറ്ററുകളില്‍ യോഗ്യതയാണ് ലക്ഷ്യം. നിലവില്‍ 14.07 മിനിറ്റാണ് 5,000 മീറ്ററില്‍ ഒളിമ്പിക്‌സ് റെക്കോഡ്. 14.45 മിനിറ്റ് കൊണ്ട് 5,000 മീറ്റര്‍ ഓടിയെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മെഡല്‍ പ്രതീക്ഷയുണ്ടെന്നും ജെയ്ഷ ജന്മഭൂമിയോട് പറഞ്ഞു. കെനിയ, എത്യോപ്യ താരങ്ങളാണ് വെല്ലുവിളി. ഇവരെ മറികടക്കാന്‍ കഴിയുമെന്നുതന്നെയാണ് ജെയ്ഷയുടെ പ്രതീക്ഷ.
പരിശീലകന്‍ ഡോ. നിക്കാളോ സെന്‍തേരേവ, ഭാരതത്തിന്റെ മറ്റു മെഡല്‍ പ്രതീക്ഷകള്‍ സുധ സിങ്, ലളിത ബാബര്‍ എന്നിവരും ജെയ്ഷയ്‌ക്കൊപ്പം വിദേശ പരിശീലനത്തിനു പോകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് മെഡല്‍ സാധ്യതയുള്ള താരങ്ങളെ വിദേശ പരിശീലനത്തിന് അയയ്ക്കാന്‍ മുന്‍കൈയെടുക്കുന്നത്. മകള്‍ മെഡലുമായി തിരികെയെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മാതാപിതാക്കളായ വേണുഗോപാലും ശ്രീദേവിയും സഹോദരങ്ങള്‍ ജയശ്രീയും ജയനയും.