ഒമാനിൽ മലയാളിയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി; തട്ടിയെടുത്തത് പമ്പിലെ ജീവനക്കാരനെ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം സ്വദേശിയായ പമ്പ് ജീവനക്കാരനായ മലയാളിയെ ഒമാനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായി സൂചന. ഒമാനിലെ സനീനയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന മണർകാട് ചെറുവിലാകത്ത് ജോൺ ഫിലിപ്പിനെ(47)യാണ് കാണാതായത്. പമ്പിന് സമീപം രക്തത്തുള്ളികൾ കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ പമ്പിലെയും സമീപത്തെ കടയിലെയും അയ്യായിരത്തോളം റിയാലും നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു.
പന്ത്രണ്ടു വർഷത്തോളമായി ജോൺ ഫിലിപ്പ് ഇബ്രി- ബുറൈമി റോഡിൽ സനീനയിലെ അൽ മഹാ പെട്രോൾ പമ്പിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. മസ്‌കറ്റിൽ നിന്നും 400 കിലോമീറ്റർ അകലെ ഉൾപ്രദേശത്താണ് ഈ സ്ഥലം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഭാര്യ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച വീണ്ടും ഫോൺ വിളിച്ചെങ്കിലും ബെല്ല് അടിച്ചതല്ലാതെ മറുപടിയുണ്ടായില്ല. ഞായറാഴ്ചയോടെ ഫോൺ സ്വിച്ച് ഓഫുമായി. പിന്നീട് ടൈംസ് ഓഫ് ഒമാനിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിലൂടെയാണ് ജോൺ ഫിലിപ്പിന് അപകടം പിണഞ്ഞതായി നാട്ടിൽ വിവരം ലഭിച്ചത്. ദക്ഷിണേന്ത്യക്കാരനായ ജോൺ എന്നയാൾ പെട്രോൾ പമ്പിൽ കവർച്ചക്കിരയായെന്നും തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു വാർത്ത. ഒമാനിലുള്ള, ജോൺ ഫിലിപ്പിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് നാട്ടിലേയ്ക്ക് വിവരം കൈമാറിയത്.
വെള്ളിയാഴ്ച രാത്രി ഏതാനും പേർ ചേർന്ന് ജോൺ ഫിലിപ്പിനെ ആക്രമിക്കുന്നത് ഒരു ഹിന്ദിക്കാരൻ കണ്ടിരുന്നതായി പറയുന്നുണ്ട്. ജോൺ ഫിലിപ്പ് അവരോട് ചെറുത്തു നിൽക്കാൻ ശ്രമിച്ചത്രെ. എന്നാൽ, ഇദ്ദേഹത്തെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയെന്നാണ് ഒമാനിൽ നിന്നും ലഭിച്ച വിവരമെന്ന് ജോൺ ഫിലിപ്പിന്റെ ജേഷ്ഠൻ ജേക്കബ് ഫിലിപ്പ് പറഞ്ഞു.
ജോൺ ഫിലിപ്പിനു പുറമെ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാൻ സ്വദേശിയുമാണ് പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നത്. റംസാൻ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ജോൺ ഫിലിപ്പ് മാത്രമേ ജോലിക്ക് ഉണ്ടായിരുന്നുള്ളൂ. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് പമ്പിൽ ജോലിക്കെത്തിയ ബാബു ഓഫീസ് തുറന്നുകിടക്കുന്നത് കണ്ട് ഹഫീത്തിലെ പമ്പിലത്തെി വിവരമറിയിക്കുകയായിരുന്നുവത്രെ.ു
ഓഫീസിനുള്ളിൽ രക്തത്തുള്ളികളും കണ്ടെത്തി. തറയിൽ വീണ രക്തത്തുള്ളികൾ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. പമ്പിലെയും തൊട്ടുചേർന്നുള്ള കടയിലെയും കലക്ഷൻ തുകയായ അയ്യായിരത്തോളം റിയാലാണ് നഷ്ടമായത്. പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11നു ശേഷമുള്ള സെയിൽസ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തിരുന്നില്ല. അതിനാൽ, ഇതിനു മുൻപാണ് സംഭവം നടന്നതെന്ന് കരുതുന്നു. ജോൺ ഫിലിപ്പിന്റെ ഭാര്യയും മക്കളും രണ്ടാഴ്ച മുൻപാണ് ഒമാനിൽ പോയി നാട്ടിൽ മടങ്ങിയെത്തിയത്. പമ്പിന് സമീപം തന്നെയായിരുന്നു ജോണിന്റെ താമസവും.
നാട്ടിലുള്ള ബന്ധുക്കൾ ജോൺ ഫിലിപ്പിന്റെ സ്‌പോൺസറെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പെട്രോൾ പമ്പ് ഉടമസ്ഥരുടെ ഭാഗത്ത് നിന്നും കാര്യമായ സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. ദീർഘകാലം കോട്ടയം വൈഎംസിഎയുടെ സെക്രട്ടറിയായിരുന്ന പരേതനായ സി എം ഫിലിപ്പിന്റെ മകനാണ് ജോൺ ഫിലിപ്പ്.
ജോണിന്റെ കാറും തൊഴിൽ കാർഡും ഒരു മൊബൈൽഫോണും സ്ഥലത്ത് നിന്നും ലഭിച്ചു. പുറത്തേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ഒരു മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കൂടെ ജോലി ചെയ്തിരുന ബാബുവിനെ ഒമാൻ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രിക്കും
നിവേദനം നൽകി
കോട്ടയം> ഒമാനിൽ കവർച്ചക്കാർ തട്ടിക്കൊണ്ടു പോയ കോട്ടയം മണർകാട് സ്വദേശിയും പെട്രോൾ പമ്പ് ജീവനക്കാരനുമായ ജോൺ ഫിലിപ്പിനെ കണ്ടെത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബന്ധുക്കൾ നിവേദനം അയച്ചു.
ജോൺ ഫിലിപ്പിന്റെ തിരോധാനത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും കടുത്ത ആശങ്കയിൽ കഴിയുകയാണ്. കവർച്ചക്കാരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ഫാക്‌സ് മുഖേന നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു.
സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവനെ സന്ദശിച്ച് കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബന്ധുക്കൾ നിവേദനം നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top