തിരുവനന്തപുരം : വിദേശയാത്രയ്ക്ക് ആവശ്യമായ രേഖകളുണ്ടായിട്ടും പ്രവാസി മലയാളിക്ക് യാത്ര നിഷേധിച്ച ഒമാന്‍ എയര്‍ വിമാന കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. റീ എന്‍ട്രി ഉണ്ടോ എന്നത് സൗദിയില്‍ പരിശോധിക്കേണ്ട കാര്യമായിട്ടും തിരുവനന്തപുരത്ത് യാത്ര തടയുകയായിരുന്നു വിമാനകമ്പനി ചെയ്ത്. ഇത് കടുത്ത അനീതിയാണെന്ന് ഉപഭോക്തൃഫോറം കണ്ടെത്തി.
ഒമാന്‍ എയറിനെതിരെ രണ്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ പുലയനാര്‍കോട്ട എസ്.എന്‍ നഗര്‍ ടി.സി 6/1572 ല്‍ സജി ചെല്ലപ്പനാണ് നഷ്ടപരിഹാരം നേടിയെടുത്തത്. 2013 ജൂണില്‍ സജിയും ഭാര്യയും സൗദി അറേബ്യയിലേക്ക് പോകാനായി 37,600 രൂപ നല്‍കി ഒമാന്‍ എയറിന്റെ രണ്ടു ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. പുലര്‍ച്ചെ നാലിന് യാത്രക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ ബോര്‍ഡിങ് പാസിനായി കമ്പനി അധികൃതരെ സമീപിച്ചപ്പോള്‍ വിസ രേഖകളില്‍ റീ എന്‍ട്രി സീലും തീയതിയും ഇല്ലെന്ന കാരണം പറഞ്ഞ് പാസ് നല്‍കിയില്ല.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രയ്ക്ക് അനുമതി നല്‍കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചിട്ടും വിമാന കമ്പനി നിലപാട് മാറ്റിയില്ല. പിറ്റേന്ന് ജോലിക്ക് ഹാജരാകേണ്ടതിനാല്‍ സജി അടുത്ത ദിവസത്തെ ഖത്തര്‍ എയവര്‍വെയ്‌സില്‍ അതേ രേഖകള്‍ ഹാജരാക്കി എമര്‍ജന്‍സി ടിക്കറ്റില്‍ സൗദിയില്‍ എത്തി. ഇതിനൊപ്പം ഓരോ ടിക്കറ്റില്‍ നിന്നും 4000 രൂപ ഈടാക്കിയ ശേഷമാണ് ബാക്കി തുക ഒമാന്‍ എയര്‍ തിരികെ നല്‍കിയത്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാത്തതിനാല്‍ 30,000 രൂപ കൈനഷ്ടവും സജിക്കുണ്ടായി.
നവംബറില്‍ നാട്ടില്‍ തിരിച്ചെത്തിയ സജി 40,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര റദ്ദായിട്ടും കമ്പനി തുക പിടിച്ചെടുത്തതും ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നാണ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം പ്രസിഡന്റ് പി. സുധീര്‍ ഉത്തരവിട്ടത്.