തിരുവനന്തപുരം: കോടിശ്വരന്‍മാര്‍ അംഗങ്ങളായുള്ള തലസ്ഥാനത്തെ വി ഐ പി ക്ലബിന് ഉമ്മന്‍ ചാണ്ടിയുടെ അവിഹിത ഇടപെടല്‍ മൂലം സര്‍ക്കാരിന് ലഭിക്കേണ്ട് 11 കോടി എഴുതി തള്ളി. തിരുവനന്തപുരത്തിന്റെ കണ്ണായ സ്ഥലത്ത് ബാറുള്‍പ്പെടെയുള്ള ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ലബിന്റെ പാട്ട കുടിശികയാണ് സര്‍ക്കാര്‍ എഴുതിതള്ളിയത്. സ്വകാര്യ സ്ഥാപനമായ ക്ലബിനെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ ഇടപെടുകയായിരുന്നു. സര്‍ക്കാര്‍ ഭൂമി വ്യാപകയമായി സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കുന്നതിന്റെ പിന്നാലെയാണ് കോടികളുടെ ഭൂമിയല്‍ പാട്ടകുടിശിക ഒഴിവാക്കി ഭൂമി ഫൈവ് സ്റ്റാര്‍ ക്ലബിന് നല്‍കിയിരിക്കുന്നത്. ഈ ക്ലബില്‍ അംഗത്വം നേടണമെങ്കില്‍ ലക്ഷങ്ങള്‍ മെബര്‍ഷിപ്പ് തുകയായി നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബിലെ ഓഡിറ്റോറിയത്തിന് ലക്ഷങ്ങളാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് മാഗ്നറ്റുകളും അംഗങ്ങളായുള്ള ക്ലബിന് കോടികള്‍ നല്‍കി ഉമ്മന്‍ ചാണ്ടി തന്റെ വിധേയത്വം പ്രകടമാക്കിയിരിക്കുകയാണ്.
11,09,10,955 രൂപയുടെ പാട്ടക്കുടിശ്ശികയുള്ള ക്‌ളബ്ബിനെതിരെ ജപ്തിനടപടി ആരംഭിച്ചതോടെ രണ്ടര ലക്ഷം രൂപമാത്രം ഈടാക്കി നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി വീണ്ടും പാട്ടത്തിനു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പായിരുന്നു അന്യായമായ ഇളവ് അനുവദിക്കല്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് ക്‌ളബ് സെക്രട്ടറി നല്‍കിയ അപേക്ഷയുടെ പുറത്ത് ഇവ ഔട്ട് ഓഫ് അജന്‍ഡയായി മന്ത്രിസഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി കുറിപ്പെഴുതി. തുടര്‍ന്ന് പാട്ടക്കുടിശ്ശികയുടെ 0.2 ശതമാനം മാത്രം ഈടാക്കാനും ജപ്തി നടപടി അവസാനിപ്പിച്ച് പാട്ടം പുതുക്കി നല്‍കാനും ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തലേദിവസമായ മാര്‍ച്ച് മൂന്നിന് റവന്യൂവകുപ്പ് ഇതിന്റെ ഉത്തരവും ഇറക്കി. നിയമ വകുപ്പിന്റെ അഭിപ്രായംതേടാതെയാണ് കോടികളുടെ സൗജന്യം അനുവദിച്ചത്.
കവടിയാറില്‍ കണ്ണായ സ്ഥലത്ത് കോടികള്‍ വിലമതിക്കുന്ന 4.27 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണ് ടെന്നീസ് ക്‌ളബ്ബിന്റെ കൈവശമുള്ളത്. ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ അഞ്ചുശതമാനമാണ് പാട്ടത്തുക. എന്നാല്‍, വര്‍ഷങ്ങളായി ക്‌ളബ് പാട്ടത്തുക അടച്ചിട്ടില്ല. ഇതോടെ പാട്ടം പുതുക്കി നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. അത് അവഗണിച്ച് ക്‌ളബ് ഭൂമി അനധികൃതമായി കൈവശം വച്ചുപോന്നു. ഇതോടെ അക്കൌണ്ടന്റ് ജനറല്‍ ഇടപെട്ടു. കുടിശ്ശിക ഈടാക്കാന്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എജി മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് 2014 ഒക്ടോബര്‍ 31 മുതല്‍ 2016 മാര്‍ച്ച് 31വരെ പാട്ടക്കുടിശ്ശികയായി 11,09.10,955 രൂപ 15 ദിവസത്തിനകം അടയ്ക്കാന്‍ 2015 സെപ്തംബര്‍ 22ന് ജില്ലാ കലക്ടര്‍ ക്‌ളബ്ബിന് നോട്ടീസ് നല്‍കി. അടച്ചില്ലെങ്കില്‍ ജപ്തി നടപടി ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്‍കി. അപ്പോഴാണ് ക്‌ളബ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
തലസ്ഥാന നഗരിയിലെ ഉദ്യോഗസ്ഥ പ്രമുഖരടക്കം അംഗങ്ങളായ സ്വകാര്യ സ്ഥാപനമാണ് തിരുവനന്തപുരം ടെന്നീസ് ക്‌ളബ്. ഇവിടെ അംഗത്വത്തിന് വന്‍ തുക മുടക്കണം. ലക്ഷങ്ങള്‍ വാടക ഈടാക്കി ക്‌ളബ് സ്വകാര്യ പരിപാടിക്ക് വാടകയ്ക്ക് നല്‍കാറുമുണ്ട്. ദേശീയ ഗെയിംസിന്റെ ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ടെന്നീസ് ക്‌ളബ്ബിന് നല്‍കിയത് വിവാദമായിരുന്നു.