കൊച്ചി: പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ആരംഭിച്ചു. പാൽ, പത്രം, പെട്രോൾ പമ്പുകൾ തുടങ്ങിയ അവശ്യസർവീസുകൾക്കും, ചരക്കുവാഹനങ്ങൾക്കും നിയന്ത്രണമില്ല. രാവിലെ ഏഴ് മണി മുതൽ രാത്രി പത്തുവരെ ഭക്ഷണശാലകൾക്ക് പാർസർ സർവീസിനായി തുറക്കാം.
വാളയാർ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. മറ്റ് വാഹനങ്ങൾ തിരിച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഊടുവഴികളിലൂടെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
ഇന്ന് പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസുകളില്ല. ഞായറാഴ്ചകൾ ഒഴികെ മറ്റു ദിവസങ്ങളിൽ വിനോദസഞ്ചാരത്തിനും ക്ഷേത്രദർശനത്തിനും ഉൾപ്പടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
തമിഴ്‌നാട്ടിൽ പതിനായിരത്തിലധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 74 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 190 ആയി.