രാഷ്ട്രീയ ലേഖകൻ
കൊച്ചി: ഇടഞ്ഞു നിൽക്കുന്ന സമുദായങ്ങളെ അടുപ്പിക്കാൻ ശ്രമിക്കാതെ മുസ്ലീംലീഗിനു വേണ്ടി മാത്രം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ എതിർപ്പുമായി കേരള കോൺഗ്രസ്. മധ്യകേരളത്തിൽ കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും വോട്ട് ബാങ്കായ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്ന വിമർശനമാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ ഉയർത്തുന്നത്. ഇത് മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ തകർച്ച ലക്ഷ്യം വെച്ചാണെന്ന സൂചനയാണ് ലഭിക്കുന്നത്.
നിലവിൽ കേരള കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായ കോട്ടയത്തും ഇടുക്കിയിലും ഇപ്പോഴും ശക്തമായ സാന്നിധ്യം തന്നെയാണ് കേരള കോൺഗ്രസ്. ഇടുക്കിയിൽ ആകെയുള്ള അഞ്ചിൽ രണ്ടു സീറ്റിലും കോട്ടയം ജില്ലയിൽ ഒൻപതിൽ അഞ്ചിടത്തും കേരള കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് വിജയിച്ചത്. ഈ സീറ്റ് മൂല്യത്തിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷം യുഡിഎഫ് സർക്കാരിനെ മുൾമുനയിൽ നിർത്തുകയായിരുന്നു കെ.എം മാണിയും കൂട്ടരും. ഇനി യുഡിഎഫ് സർക്കാർ അധികാരത്തിൽ തിരികെ എത്തിയാൽ കെ.എം മാണിയുടെ ശക്തി ക്ഷയിപ്പിക്കുക മുസ്ലീം ലീഗിന്റെ ശക്തി വർധിപ്പിക്കുക എന്ന തന്ത്രമാണ് ഇക്കുറി ഉമ്മൻചാണ്ടി ലക്ഷ്യമിടുന്നത്.
പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമാകേണ്ടെന്ന നിർദേശമാണ് കോൺഗ്രസിന്റെ എ ഗ്രൂപ്പ് വൃത്തങ്ങൾക്കു മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയിരിക്കുന്ന നിർദേശം. എ.കെ ആന്റണിയുടെ അടുപ്പക്കാരനായ ടോമി കല്ലാനി പൂഞ്ഞാർ സീറ്റ് ലഭിക്കാത്തതിന്റെ അതൃപ്തി മറച്ചു വയ്ക്കാതെ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ചെന്നു തറയ്ക്കുന്നത് കെ.എം മാണിയിൽ തന്നെയാണ്. ഏതെങ്കിലും കാരണവശാൽ പാലായിൽ കോൺഗ്രസ് പ്രവർത്തകർ വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായിൽ പുതുപ്പള്ളിയിൽ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയും കെ.എം മാണി ഉയർത്തിയിട്ടുണ്ട്.
പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി.തോമസ് മുഖ്യമന്ത്രിക്കു കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കെ.എം മാണി യുഡിഎഫിനുള്ളിൽ നിന്നു തന്നെ ഭീഷണി ഉയർത്തിവിടുന്നത്.