![](https://dailyindianherald.com/wp-content/uploads/2016/04/ommen-1.png)
കോട്ടയം: വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 150.73 ഏക്കര്‍ ഭൂമിക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
തുടര്‍ന്ന് വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതി പരിശോധിച്ച്, സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തി. നിബന്ധനകള്‍ പാലിക്കുന്നതായി വ്യവസായവകുപ്പും അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുകയായിരുന്നു.
ടൗണ്‍ഷിപ് പദ്ധതിക്കായി 150 ഏക്കര്‍ വയല്‍ നികത്തുന്നതിന് മുന്നോടിയായി സ്വകാര്യ കമ്പനിക്കുവേണ്ടി വൈക്കം താലൂക്കിലെ ചെമ്പില്‍ മിച്ചഭൂമിയില്‍ ഇളവ് അനുവദിച്ച് റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയിരുന്നത്. സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ചെമ്പ് വില്ലേജിലെ ആറാദുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ സ്ഥലത്തിനായാണ് ഉത്തരവിറക്കിയത്.
‘സമൃദ്ധി വില്ലേജ് പ്രോജക്ട്’ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനിക്കുവേണ്ടി കേരള ഭൂപരിഷ്‌കരണനിയമം സെക്ഷന്‍ 81 (13) പ്രകാരം മുന്‍കൂര്‍ ഇളവ് അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യ വ്യവസായം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ‘സമൃദ്ധി വില്ലേജ്’ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ.ഉ. (കൈ)നം. 92/2016/ റവന്യൂ നമ്പറില്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഉത്തരവായത്. കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മിച്ചഭൂമി പരമാവധി 15 ഏക്കര്‍വരെയേ കൈവശം വെക്കാനാവൂ. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി നിലം നികത്താന്‍ പ്രത്യേക ഇളവ് അനുവദിച്ച് നിയമാനുസൃതമാക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.