രാഷ്ട്രീയ ലേഖകൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയ കെപിസിസി പ്രസിഡന്റ് വി.എം സുധീരനു എ.കെ ആന്റണിയുടെ പൂർണ പിൻതുണ. സ്ഥാനാർഥി നിർണയം കൊടുമ്പിരിക്കൊണ്ടിട്ടും ഇക്കാര്യത്തിൽ പരസ്യമായോ രഹസ്യമായോ അഭിപ്രായം പറയാനോ, ഏതെങ്കിലും വിഭാഗത്തെ പക്ഷം പിടിക്കാനോ തയ്യാറാകാത്ത എ.കെ ആന്റണി രഹസ്യമായി വി.എം സുധീരനു പൂർണ പിൻതുണ നൽകുന്നുമുണ്ട്.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നതാണ എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നത്. ഉമ്മൻചാണ്ടി കഴിഞ്ഞ അഞ്ചു വർഷം സർക്കാരിനെ നയിച്ച രീതിയിൽ തന്നെ തുടർന്നും നയിക്കാൻ സാധിക്കുമെന്നും എ ഗ്രൂപ്പ് വൃത്തങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു. എന്നാൽ, കാര്യങ്ങൾ അത്ര പന്തിയല്ലെന്നും കേരളത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ജനവികാരം ശക്തമാണെന്നും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ജനവികാരം എതിരാക്കുമെന്നുമായിരുന്നു ഉമ്മൻചാണ്ടിക്കെതിരായി സുധീരൻ െൈഹക്കമാൻഡിനെ ധരിപ്പിച്ചിരുന്നത്. ഇതിനു വേണ്ട പിൻതുണ എ.കെ ആന്റണിയിൽ നിന്നു ലഭിക്കുകയും ചെയ്തു.
ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കാൻ തയ്യാറാകാതെ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനു മുന്നിൽ മൗനം പാലിച്ചതോടെയാണ് കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ഉമ്മൻചാണ്ടി ഒറ്റപ്പെട്ടു പോയത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫിനെ ഇരിക്കൂറിൽ നിന്നു മാറ്റി നിർത്തുക എന്നതാണ് എ.കെ ആന്റണിയുടെ പ്രധാന ലക്ഷ്യം. ഈ കാര്യത്തിൽ ഉമ്മൻചാണ്ടി കടുംപിടുത്തം തുടരുകയുമാണ്. എന്നാൽ, ഇന്നു വൈകിട്ടു നടക്കുന്ന ചർച്ചയിലും കെ.സി ജോസഫിനെ മാറ്റണമെന്ന കാര്യത്തിൽ സുധീരൻ കർശന നിലപാട് തന്നെ സ്വീകരിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. ആന്റണിയുടെ പിൻതുണയോടെ ഉമ്മൻചാണ്ടിയെ വെട്ടുക എന്ന തന്ത്രമാണ് ഇപ്പോൾ സുധീരൻ സ്വീകരിക്കുന്നത്. ഇതിനു ഹൈക്കമാൻഡിന്റെ ഉറപ്പ് ലഭിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.