![](https://dailyindianherald.com/wp-content/uploads/2016/05/ommencahndi.png)
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായ ഉദ്ഘാടനങ്ങളില്‍ പ്രധാനമായിരുന്നു കണ്ണൂര്‍ വിമാനത്താവളത്തിന്റേത്. റണ്‍വേയുടെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാതെയായിരുന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വിമാനതാവളം ഉദ്ഘാടനം ചെയ്ത് കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഇപ്പോഴിതാ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വ്യാജചിത്രം കാണിച്ച് മുഖ്യമന്ത്രിയും പുലിവാല് പിടിച്ചു.
കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വീസിന് സജ്ജമായി എന്ന് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പ്രചരിപ്പിക്കുന്ന റണ്‍വേയുടെ ചിത്രം സ്‌കോട്ട്‌ലന്റ് വിമാനത്താവളത്തിന്റേതാണെന്ന് വ്യക്തമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി തടിയൂരി. സ്‌കോട്ട്‌ലന്റിലെ സ്‌റ്റോണോവേ വിമാനത്താവളത്തിലെ റണ്‍വേയുടെ ചിത്രമെടുത്താണ് കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വീസിന് സജ്ജമായെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന ആരോപണമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഉയര്‍ന്നത്. പലരും യഥാര്‍ത്ഥചിത്രം കമന്റായി പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്നെ മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്നുവന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.
കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വ്വീസിന് സജ്ജമായി എന്ന പറഞ്ഞുകൊണ്ട് ഒരുവെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന വാര്‍ത്തയാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. സ്‌റ്റോണോവേ വിമാനത്താളവത്തിന് വിക്കിപീഡിയ നല്‍കിയിരിക്കുന്ന ചിത്രം തന്നെയാണ് കണ്ണൂര്‍ വിമാനത്താവളമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉപയോഗിച്ച ചിത്രവും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഇതോടെ രാജ്യാന്തര വിമാന സര്‍വീസിന് കണ്ണൂര്‍ വിമാനത്താവളം സജ്ജമായിക്കഴിഞ്ഞു എന്നും ഉമ്മന്‍ ചാണ്ടി ഷെയര്‍ ചെയ്ത ഈ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് കണ്ണൂര്‍ വിമാനത്താവളമെന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഫോട്ടോയും വാര്‍ത്തയും ഷെയര്‍ ചെയ്തത്.
മണ്‍സൂണിനു മുമ്പ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പരമാവധി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി പുരോഗമിക്കുന്നത് എന്നും റണ്‍വേയുടെ രണ്ടറ്റത്തും സുരക്ഷാ മേഖലയെന്ന നിലയ്ക്കു 150 മീറ്റര്‍ നീളത്തില്‍ റണ്‍വേയ്ക്കു സമാനമായ രീതിയില്‍ ടാറിങ്ങ് ഉള്‍പ്പെടെയുള്ള പണി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഷെയര്‍ ചെയ്ത പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.