ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിക്കും: ഉമ്മൻചാണ്ടിയെ കെട്ടുകെട്ടിക്കാൻ കരുക്കൽ നീക്കി രമേശും മുല്ലപ്പള്ളിയും; രമേശിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം: ഐ ഗ്രൂപ്പിനു വഴങ്ങി രാഹുൽ ഗാന്ധി; കേരള കോൺഗ്രസിന്റെ രണ്ട് സീറ്റ് ആവശ്യം രാഷ്ട്രീയ തന്ത്രം

പൊളിറ്റിക്കൽ ഡെസ്‌ക്

തൊടുപുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പക്ഷത്തിന്റെ കാലുവാരൽ ഒഴിവാക്കാൻ സാക്ഷാൽ ഉമ്മൻചാണ്ടിയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിൽ നീക്കം തുടങ്ങി. രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ ഇടപെടലിനൊടുവിൽ രാഹുൽ ഗാന്ധി തന്നെ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വത്തിന് പച്ചക്കൊടി വീശിയെന്നാണ് സൂചന. ഉമ്മൻചാണ്ടി പ്രചാരണത്തിന് നേതൃത്വം നൽകിയാൽ, 20 സീറ്റും കേരളത്തിൽ നിന്ന് തൂത്തുവാരാനാവുമെന്നാണ് രാഹുൽ ഗാന്ധിയ്ക്ക് കേരള നേതൃത്വം ഉറപ്പ് നൽകിയതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചപ്പോൾ ഇത് മറികടക്കുന്നതിനു വേണ്ടിയാണ് – ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ – എന്ന സോഷ്യൽ മീഡിയ ക്യാമ്പെയിനുമായി എ ഗ്രൂപ്പ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ഉമ്മൻചാണ്ടിയെ തന്നെ ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശം രമേശ് ചെന്നിത്തലയാണ് മുന്നോട്ട് വച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന് പൂർണ പിൻതുണ നൽകുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പള്ളിയും, രമേശും മുന്നോട്ടു വച്ച ഫോർമുലയുടെ ഭാഗമായാണ് കേരള കോൺഗ്രസ് എം രണ്ടാമത് ഒരു സീറ്റ് ആവശ്യപ്പെട്ടതെന്നാണ് സൂചന. മുസ്ലീം ലീഗ് മൂന്നാമത് ഒരു പാർലമെന്റ് സീറ്റ് എന്ന ആവശ്യം ഉന്നയിക്കാനിരിക്കെയാണ് വെടിപൊട്ടിച്ച് കേരള കോൺഗ്രസ് എം തന്നെ ആദ്യം രംഗത്ത് എത്തിയത്. കോട്ടയവും ഇടുക്കിയും വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ മൂന്നാം പാർലമെന്റ് സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് മുസ്ലീം ലീഗ് പിന്നിലേയ്ക്ക് പോയി.
ഇനി കേരള കോൺഗ്രസും, മുസ്ലീം ലീഗുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഉഭയകക്ഷി ചർച്ച നടത്തുമ്പോൾ കേരള കോൺഗ്രസ് വയ്ക്കുന്ന ഉപാധികളിൽ ഒന്നാണ് ഉമ്മൻചാണ്ടി മത്സരിക്കണമെന്നാവും. ഉമ്മൻചാണ്ടി ഇടുക്കിയോ കോട്ടയത്തോ മത്സരിച്ചാൽ മാത്രമേ തങ്ങൾ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകൂ എന്ന് കേരള കോൺഗ്രസ് എം നേതാക്കൾ നിലപാട് സ്വീകരിക്കും. ഇത് അംഗീകരിക്കുകയാണെങ്കിൽ ഉമ്മൻചാണ്ടി സ്ഥാനാർത്ഥായാകേണ്ടിയും വരും മറ്റു കക്ഷികൾക്കുള്ള സീറ്റ് എന്ന ആവശ്യം ഇല്ലാതാക്കാനും സാധിക്കുമെന്നും രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതൃത്വവും കണക്ക് കൂട്ടുന്നുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിക്കാനില്ലെങ്കിൽ കേരളത്തിലെ സാഹചര്യത്തിൽ സുഖമായി മുഖ്യമന്ത്രിയാകാമെന്നാണ് രമേശിന്റെ കണക്കു കൂട്ടൽ. ഇതിനു വേണ്ടിയാണ് ഉമ്മൻചാണ്ടിയെ ഡൽഹിയ്ക്ക് പാക്ക് ചെയ്യാൻ രമേശ് വട്ടം കൂട്ടുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top