51 വെട്ടും പിന്നെ ഹൃദയം തകര്‍ത്തൊരു വെട്ടും; അധികാരത്തില്‍ വന്നാല്‍ ബാക്കിയുള്ളവരേയും എല്‍ഡിഎഫ് ശരിയാക്കുമോ?

മെയ് നാലിന് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷേ, നാലു വര്‍ഷത്തിനുള്ളില്‍ ആര്‍ക്കെല്ലാം എന്തെല്ലാം മാറ്റങ്ങള്‍, മറിമായങ്ങള്‍. അതും കേരളം ഞെട്ടലോടെ കണ്ടു. പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റുകാരന്‍ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ ടിപിയുടെ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒഞ്ചിയം സഖാക്കള്‍ കുലംകുത്തികളാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് പിണറായി വിജയനെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണക്കാരനായ എസ് എ ഡാങ്കേയോട് വി എസ് ഉപമിക്കുകയും ചെയ്തു.

ടി.പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ച് പാര്‍ട്ടിയെ ഞെട്ടിച്ചു. കത്തയച്ചെന്നു വി.എസും കത്തു കിട്ടിയെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. വി എസ്. അച്യുതാനന്ദന്‍ ടി.പിയുടെ വീട് സന്ദര്‍ശിച്ച് രമയെ സാന്ത്വനപ്പെടുത്തിയത് മീഡിയ ആഘോഷിച്ചു. ടി.പി. വധക്കേസില്‍ പ്രതികളെ അറസ്റ്റു ചെയ്തപ്പോള്‍ അതിനെതിരേ വടകര റൂറല്‍ എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്നു സിപിഐ(എം) പ്രഖ്യാപിച്ചു. എന്നാല്‍, പൊലീസിന്റെ നടപടി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണു വേണ്ടതെന്നും വി എസ്. പ്രതികരിച്ചു. ടിപി വധക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പത്രങ്ങളില്‍ വരുന്നതിനെതിരേ പാര്‍ട്ടി തീരുമാനപ്രകാരം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഇതു ശരിയല്ലെന്നു വി എസ്. തിരിച്ചടിച്ചു.
സിപിഐ(എം) നേതാക്കള്‍ക്കു ശിക്ഷ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ 2012 ഓഗസ്റ്റ് 13 നു പ്രത്യേക അന്വേഷണസംഘം വടകര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് സിപിഐ(എം). നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. പി.കെ കുഞ്ഞനന്ദന്‍ (62), കെ.സി രാമചന്ദ്രന്‍(54), ട്രൗസര്‍ മനോജ് (49) എന്നിവരാണ് വധഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കള്‍.

ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വിദ്വേഷം തന്നെയാണു കൊലയ്ക്കു കാരണമെന്ന് ഒരു വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്കുശേഷം കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി 357 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 326 സാക്ഷികളുടെ മൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും ഉണ്ടായിരുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്ന ടിപി, സിപിമ്മിന്റെ ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് വി എസ്അനുഭാവത്തിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടത്. തുടര്‍ന്ന് സിപിഎമ്മില്‍ പ്രത്യയശാസ്ത്ര വ്യതിയാനം നടക്കുന്നുവെന്ന് വിമര്‍ശിച്ച് അദ്ദേഹം 2009ല്‍ പാര്‍ട്ടി വിട്ടുപോയി. സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് റവലൂഷണറി മാര്‍ക്‌സിറ്റ് പാര്‍ട്ടി പിടിച്ചെടുത്തു. പിന്നീട് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് കാല്‍ലക്ഷത്തോളം വോട്ടു പിടിക്കുകയും ചെയ്തു.

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ ഒരിക്കലും യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാല്‍, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം നടത്തി.
പ്രത്യേക പൊലീസ് സംഘം ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രമയടുടെ നിരാഹാരസമരം തുടരുന്ന സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്കു വിടാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. സമരത്തെ പിന്തുണച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിലുള്ള പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നല്‍കി. മന്ത്രിസഭ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത മണിക്കൂറിലായിരുന്നു ഈ നാടകീയ നടപടി.

കത്തില്‍ പറയുന്നത് ഇപ്രകാരം: ”രമയുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചതുമാണ്. എന്നാല്‍ നാളിതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങള്‍ക്കുള്ള ബന്ധം കൂടി പരിഗണിച്ചാല്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ നിരാഹാര സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല.” സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനന്‍ ഉള്‍പ്പെടെ ടിപി കേസിലെ അഞ്ചു പ്രതികളെ സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തില്‍ ജയിലില്‍ സന്ദര്‍ശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്.

ഇങ്ങനെയൊരു കത്തെഴുതിയതു ഗുരുതരമായ തെറ്റാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അപലപിച്ചു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് 2014 ഫെബ്രുവരി 20നു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചെന്നും താന്‍ പാര്‍ട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി എസ്. വ്യക്തമാക്കി. സിബിഐ അന്വേഷണംകൊണ്ട് പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു പിണറായി വിജയനും പ്രതികരിച്ചു.
ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നു പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാര്‍ട്ടി നേതാവ് കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാണ് സിപിഐ(എം) പിടിച്ചുനില്‍ക്കാന്‍ നോക്കിയത്. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണമെന്ന് പാര്‍ട്ടി വിലയിരുത്തി.

ടിപി വധക്കേസില്‍ ശിക്ഷ പോരെന്നു സര്‍ക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയിരിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കൊലപാതക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും പൂഴ്ത്തിവച്ചിരിക്കുന്നു.

വല്ലാത്തൊരു മലക്കംമറിച്ചില്‍

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഏറ്റവും വേദനാജനകമായ ഒരേട് പ്രതിപക്ഷ നേതാവിന്റെ മലക്കം മറിയലാണ്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ടി.പി വധക്കേസില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടിപി ചന്ദ്രശേഖരനേറ്റ 52ാം വെട്ടാണു വി.എസിന്റെ വാക്കുകള്‍ എന്നു കെ.കെ. രമ വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹം മൗനത്തിലാണ്ടു. കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം.

ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസില്‍ നിശബ്ദത പാലിക്കുന്നതിന് പാര്‍ട്ടി നല്കിയിട്ടുള്ള ഓഫറുകള്‍ എന്തൊക്കെയാണ്? പാര്‍ട്ടി വിരുദ്ധനെന്ന് പാര്‍ട്ടിയുടെ ഉന്നതസമിതികള്‍ കുറ്റം ചാര്‍ത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാര്‍ത്ഥിയായി?
സിപിഐ(എം) മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ ബന്ധം പകല്‍പോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? കൊടുംകൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടു തിരുത്തുന്നില്ല? സിബിഐയുടെ കുറ്റപത്രത്തില്‍ പേര് ഉള്ളവര്‍ വരെ എങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി? അവരെങ്ങനെ പാര്‍ട്ടിയില്‍ ഉന്നതല ഭാരവാഹികളായി? പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തിയിട്ട് ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? രാഷ്ട്രീയ എതിരാളികളെ ആശയങ്ങള്‍ക്കു പകരം ആയുധങ്ങള്‍കൊണ്ട് ഇല്ലാതാക്കിയിട്ട് അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുവാന്‍ എങ്ങനെ കഴിയുന്നു? അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്നാണോ ബാക്കിയുള്ളവരേയും ശരിയാക്കുമെന്നാണോ ഇതിന്റെയൊക്കെ അര്‍ത്ഥം?

Top