സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേശീയ തലത്തിൽ മുതൽ പ്രാദേശിക തലം വരെ തിരഞ്ഞെടുപ്പു നടത്താൻ തയ്യാറെടുക്കുന്ന കോൺഗ്രസ് നേതൃത്വത്തെ കബളിപ്പിക്കാൻ സംസ്ഥാന കോൺഗ്രസിലെ ഇരുഗ്രൂപ്പുകൾ തയ്യാറെടുക്കുന്നു. മറ്റെല്ലായിടത്തും പാർട്ടി സംഘടനാ തിരഞ്ഞെടുപ്പു നടത്തുമ്പോൾ സംസ്ഥാനത്ത് കെപിസിസി പ്രസിഡന്റിനെ സമവായത്തിലൂടെ തിരഞ്ഞെടുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. എ- ഐ ഗ്രൂപ്പുകൾ ഇതിനുള്ള സമവായം നേടിയ ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കുന്നതിനാണ് പദ്ദതി തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ തലങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പു നടത്തുന്നതിനും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു സമവായത്തിലൂടെ ആളെകണ്ടെത്തുന്നതിനുമാണ് ഇപ്പോൾ ഇരുഗ്രൂപ്പുകളും ചേർന്നു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരനെ പുറത്താക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് എന്ന മന്ത്രം 24 മണിക്കൂറും ഇരുവിട്ടുകൊണ്ടിരുന്ന എ – ഐ ഗ്രൂപ്പുകളാണ് ഇപ്പോൾ വീണ്ടും കോൺഗ്രസിൽ സമവായം വേണമെന്ന ആവശ്യവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് ഏറെ രസകരം.
അടുത്തിടെ മാത്രം തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരെ നിലനിർത്തുന്നതിനാണ് സമവായ സംഘം തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. കെപിസിസി അംഗങ്ങളെയും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെയും ഇതേ രീതിയിൽ സമവായത്തിലൂടെ തന്നെ തിരഞ്ഞെടുക്കുന്നതിനാണ് എ – ഐ ഗ്രൂപ്പുകൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐ ഗ്രൂപ്പ് നേതാക്കളാണ് ഈ നിർദേശം പ്രധാനമായും മുന്നോട്ടു വച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പ്രസിഡന്റാകുന്നതിനോടു എതിർപ്പില്ലെന്നാണ് ഉമ്മൻചാണ്ടി വിഭാഗം നൽകുന്ന സൂചന. അതുകൊണ്ടു തന്നെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തിരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടാണ് എ ഗ്രൂപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്.
കെഎസ് യു തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനു ഉജ്വലമായ വിജയം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ ഉജ്വല വിജയം തന്നെ നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എ ഗ്രൂപ്പ്. ഐ ഗ്രൂപ്പിനെ അപേക്ഷിച്ചു ബൂത്ത് തലം മുതൽ എ ഗ്രൂപ്പിനു വ്യക്തമായ സ്വാധീനവും സംഘടനാ ശേഷിയുമുണ്ട്. ഇതു തന്നെയാണ് സംഘടനാ തിരഞ്ഞെടുപ്പിലേയ്ക്കു പോകാനുള്ള എ ഗ്രൂപ്പിന്റെ ആത്മവിശ്വാസവും. എന്നാൽ, ശക്തമായ ഗ്രൂപ്പ് അടിത്തറയും നേതൃനിരയുമില്ലാത്ത ഐ ഗ്രൂപ്പിൽ നിലവിൽ തന്നെ പല വിഭാഗങ്ങൾ ശക്തമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് ഐ ഗ്രൂപ്പിനില്ലെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പ് സമവായത്തിനു തയ്യാറെടുക്കുന്നത്. കൂടുതൽ ആനുകൂല്യം ലഭിക്കുമെന്ന സ്ഥിതിയുണ്ടായാൽ എ ഗ്രൂപ്പ് സമവായത്തിനു തയ്യാറായേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.