
രാഷ്ട്രീയ ലേഖകൻ
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു വി.എം സുധീരനെ പുറത്താക്കാൻ എ-ഐ ഗ്രൂപ്പുകൾ കൈ കോർക്കുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ആഗ്രഹിച്ച യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കു എത്താതെ പോയതിന്റെ പ്രധാന കാരണം കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നയങ്ങളാണെന്ന നിലപാടാണ് ഇപ്പോൾ ഉമ്മൻചാണ്ടിയോടും – രമേശ് ചെന്നിത്തലയോടും അടുത്ത വൃത്തങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ഹൈക്കമാൻഡിന്റെ ആശിർവാദത്തോടെ ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്റാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇതോടെ കോൺഗ്രസിൽ വീണ്ടും രമേശ് – ഉമ്മൻചാണ്ടി അച്ചുതണ്ട് തന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യം ഉടലെടുക്കും. ഹൈക്കമാൻഡിൽ ഉമ്മൻചാണ്ടിക്കും – രമേശ് ചെന്നിത്തലയ്ക്കും സ്വാധീനം വർധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്. സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിനുള്ള കരുനീക്കങ്ങൾ എ – ഐ ഗ്രൂപ്പ് വൃത്തങ്ങളാണ് നടത്തുന്നത്.
കേരളത്തിൽ യുഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങളിൽ എത്തിക്കുന്നതിനു തടസം നിന്നത് കെപിസിസി പ്രസിഡന്റ് തന്നെയാണെന്നാണ് എ- ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇത് സോണിയാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കെപിസിസി ഉടച്ചു വാർക്കാൻ സോണിയാ ഗാന്ധി നിർദേശം നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടിയെ പ്രസിഡന്റ് ആക്കിയ ശേഷം കെ.സുധാകരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പി.സി വിഷ്ണുനാഥിനെയും ടി.എൻ പ്രതാപനെയും വൈസ് പ്രസിഡന്റ് ആക്കുന്നതിനാണ് ആലോചന. കെ.മുരളീധരനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് കൊണ്ടു വരുന്നതിനും ആലോചനയുണ്ട്.
സുധീരനെ പൂർണമായും തഴഞ്ഞ്, ഉമ്മൻചാണ്ടി വിഭാഗത്തിന്റെ കരുത്തു കൂട്ടുന്നതിനാണ് നീക്കം. എന്നാൽ, രാഹൂൽ ഗാന്ധി ഈ നീക്കത്തോടു പൂർണമായും സമ്മതം നൽകിയിട്ടില്ല. വി.എം സുധീരനെ അനുകൂലിക്കുന്ന നിലപാടാണ് ഇപ്പോഴും രാഹൂൽഗാന്ധി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രഖ്യാപനം വൈകുന്നതിന്റെ പ്രധാന കാരണവും.