ക്രൈം ഡെസ്‌ക്
കോട്ടയം: റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട അരി നിറം മാറ്റി സ്വകാര്യ കമ്പനിയുടെ ലേബലിൽ വിറ്റിരുന്നതായി വിജിലൻസ് കണ്ടെത്തൽ. ഇത്തരത്തിൽ നിറം മാറ്റാനായി ആർപ്പൂക്കര റാണി റൈസിൽ എത്തിച്ച ആയിരം കിലോ അരി വിജിലൻസ് സംഘം പിടിച്ചെടുത്തു. ആർപ്പൂക്കര റാണി റൈസിന്റെ ഗോഡൗണിൽ നിന്നാണ് നാലു മിനി ലോറികളിൽ സൂക്ഷിച്ചിരുന്ന അൻപതു ചാക്ക് വീതം അരി പിടികൂടിയത്. നാല് ലോറിയും പിടിച്ചെടുത്ത വിജിലൻസ് സംഘം അരി സിവിൽ സപൈസ് വകുപ്പിനു കൈമാറി. നാലു ലോറിയും ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലോറി ഉടമ ഫാത്തിമാപുരം സ്വദേശി സാജൻ മൈക്കിളിനെതിരെ ഗന്ധിനഗർ പൊലീസ് കേസ് എടുത്തു.
ചങ്ങനാശരിയിലെ റേഷൻമൊത്ത സംഭരണ ഗോഡൗണിൽ നിന്നുള്ള അരിയാണ് പിടിച്ചെടുത്തതെന്നു വിജിലൻസ് സംഘം പറഞ്ഞു. റേഷൻ അരി ചാക്കിൽ മാറ്റി നിറച്ച ശേഷം പൊതുവിപണിയിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നതിന് സ്വകാര്യമില്ലിൽ എത്തിക്കുകയായിരുന്നെന്നു വിജിലൻസ് ഡിവൈഎസ്പി എസ്. അശോക് കുമാർ പറഞ്ഞു. റേഷൻ കടകളിൽ വിതരണം ചെയ്യേണ്ട സപ്ലൈകോയുടെ അരി കോട്ടയം നഗരത്തിലൂടെ ലോറിയിൽ കടത്തുന്നതായുള്ള രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് ലോറിയെ പിൻതുടരുകയായിരുന്നു. ആർപ്പൂക്കര റാണി റൈസിന്റ വളപ്പിൽ നിന്ന് ഈ ലോറിയും അരിലോഡും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട അരിയാണെന്ന് കണ്ടെത്തിയത്.
ജില്ലാ സപ്ലൈ ഓഫിസർ പി.കെ. ലളിതാകുമാരിയുടെ നിർദേശാനുസരണം താലൂക്ക് സപ്ലൈ ഓഫിസ്, റേഷനിങ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സപ്ലൈ അധികൃതരുടെ പരിശോധനയിലാണ് ഇത് ചങ്ങനാശരിയിലെ റേഷൻ ഗോഡൗണിൽ നിന്ന് കടത്തികൊണ്ടുവന്നതാണെന്നും കണ്ടെത്തിയത്. വിജിലൻസ് പിടിച്ചെടുത്ത് കൈമാറിയ അരി റേഷൻ കടകളിൽ വിതരണം ചെയ്യാന്നതിന് ചങ്ങാനാശരിയിലെ മൊത്ത ഗോഡൗണിൽ സൂക്ഷിച്ചവയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ സ്റ്റോക്കും ഇവിടെ നിന്ന് റേഷൻ കടകളിലേക്ക് കൊണ്ടുപോയ അരിയുടെ സ്റ്റോക്കും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ താലൂക്ക് ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത അരി കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും, റേഷൻ വില ഈടാക്കി വീണ്ടും റേഷൻ കടകൾ വഴി വിതരണം ചെയ്യും.