![](https://dailyindianherald.com/wp-content/uploads/2016/04/jaic-cm-2.jpg)
രാഷ്ട്രീയ ലേഖകൻ
പുതുപ്പള്ളി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒന്നര ലക്ഷം ജനങ്ങളെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു ഇടതു മുന്നണി സ്ഥാനാർഥിയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായി ജെയ്ക് സി.തോമസ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആകെ അഞ്ചു ദിവസം മാത്രം മണ്ഡലത്തിലെത്തിയ ഉമ്മൻചാണ്ടിയും കോൺഗ്രസ് പ്രവർത്തകരും അമിതമായ ആത്മവിശ്വാസത്തിലാണ്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് പാർട്ടി പുതുപ്പള്ളിയിൽ സ്ഥാനാർഥിയാണെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു മുതൽ തന്നെ ജെയ്ക് സി.തോമസ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഓരോ വീടുകളിലും നേരിട്ടെത്തി ജനകീയ പ്രശ്‌നങ്ങൾ കേൾക്കുന്നതിൽ മുതൽ വോട്ടർമാരെ നേരിൽ കണ്ട് സംസാകരിക്കുന്നതിൽ വരെ സജീവമായിരുന്നു ജെയ്ക്. ഓരോ ദിവസവും നൂറു വീടുകളിലെങ്കിലും നേരിട്ടെത്താൻ ശ്രദ്ധിച്ചിരുന്നതായി ജെയ്ക് സി.തോമസ് ഡിഐഎച്ച് ന്യൂസിനോടു പറഞ്ഞു. വോട്ടർമാരെ നേരിൽ കാണുന്നതിനും വീടുകളിൽ നേരിട്ടെത്തുന്നതിനുമായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.
കഴിഞ്ഞ 46 വർഷം നിയോജക മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ച ഇടതു സ്ഥാനാർഥിയായിരുന്നു ജെയ്ക്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടതു സ്ഥാനാർഥിക്കു പുതുപ്പള്ളിയിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നതെന്ന അവകാശവാദമാണ് ഇടതു നേതാക്കൾ ഉയർത്തുന്നത്. ഉമ്മൻചാണ്ടിക്കു ഏറ്റവും ഭീഷണി ഉയർത്തുന്നതും മണർകാട് സ്വദേശിയായ ഈ യുവാവാണെന്നും കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു.
പതിവു പോലെ ഇത്തവണയും തിരഞ്ഞെടുപ്പിനെ ഉമ്മൻചാണ്ടിയും സൃഹൃത്തുക്കളും സീരിയസായി എടുത്തിട്ടില്ല. വിദ്യാർഥി നേതാവ് ആയതുകൊണ്ടു തന്നെ തങ്ങൾക്കു കാര്യമായ ഭീഷണിയുണ്ടാകില്ലെന്ന ആമിത ആത്മവിശ്വാസത്തിലാണ് കോൺഗ്രസും ഉമ്മൻചാണ്ടിയും. അതുകൊണ്ടു തന്നെ ഇക്കുറിയും ഉമ്മൻചാണ്ടി പ്രചാരണ രംഗത്തേയ്ക്ക് എത്തിയിട്ടില്ല. അഞ്ചു ദിവസം മാത്രമാണ് ഇതുവരെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരിൽ 90 ശതമാനം പേരും ഇപ്പോഴും പ്രചാരണ രംഗത്തേയ്ക്ക് എത്തിയിട്ടേയില്ലെന്നും കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു.