ഓൺലൈൻ തട്ടിപ്പിന് ഇരയായി അടിമാലി സ്വദേശിയും. 1000 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ജിജോ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് ചുരിദാര്‍ പാഴ്‌സലായി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാന്‍ ജിജോ തീരുമാനിച്ചു.
അക്കൗണ്ട് നമ്പറും ഒ ടി പി കോഡും പണം തിരിച്ച് നല്‍കാനായി കൈമാറാൻ കമ്പനി അറിയിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടില്‍ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു. ഇത്രയധികം തുക ഒറ്റയടിക്ക് നഷ്ടമായതോടെ ഉടൻ ജിജോയെ അറിയിക്കുകയും ചെയ്തു. 2,000 രൂപയില്‍ കൂടുതല്‍ മിനിമം ബാലന്‍സ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നല്‍കിയാല്‍ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി.
ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്ബര്‍ നല്‍കി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ 5,000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാന്‍ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ആണ് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.