ഓണ്‍ലൈനിലെ പച്ചലൈറ്റ് എല്ലായ്‌പ്പോഴും ഒരു പ്രശ്‌നക്കാരനാണോ?..ഒരിക്കലും അല്ല. നമ്മുടെ പ്രിയപ്പെട്ടവര്‍ തെളിയിക്കുന്ന പച്ചലൈറ്റാണെങ്കില്‍ നമ്മളതിനായി കാത്തിരിക്കും. എന്നാല്‍ പച്ചലൈറ്റ് പ്രശ്‌നക്കാരനാകുന്നത് അപരിചിതര്‍ ദുരുദ്ദേശത്തോടെ കടന്നു വരുമ്പോഴാണ്.ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ ‘വ്യൂ അണ്‍റീഡ് മെസേജ്’ എന്നൊരു ഓപ്ഷന്‍ ക്‌ളിക്ക് ചെയ്തപ്പോള്‍ കണ്ട മെസേജുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഇല്ലാത്തവര്‍ അയയ്ക്കുന്ന മെസേജുകളായിരുന്നവ. പലതും അശ്‌ളീലം നിറഞ്ഞ മെസേജുകള്‍!
എന്നാല്‍ ഇന്ന് എന്റെ ഇന്‍ബോക്‌സ് നോക്കിയാല്‍ അത്തരത്തിലുള്ള യാതൊരു മെസേജുകളും കാണാന്‍ കഴിയില്ല. കാരണമുണ്ട്. മാന്യമായി ഇടപെടാത്തവരുടെ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇന്നിപ്പോള്‍ പച്ചലൈറ്റ് തെളിഞ്ഞു കാണുമ്പോള്‍ എന്റെ ഇന്‍ബോക്‌സിലേക്ക് വരണോ വേണ്ടയോ എന്ന് രണ്ടു വട്ടമൊന്ന് ചിന്തിക്കാനുള്ള മനസ് അപരിചിതരായ സുഹൃത്തുക്കള്‍ക്കുണ്ടാവണം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിവസേന നൂറുകണക്കിന് മെസേജുകള്‍ ഇന്‍ബോക്‌സില്‍ നിറഞ്ഞ് അസൗകര്യം സൃഷ്ടിച്ചപ്പോള്‍ കുറേപ്പേരെ കണ്ണുംപൂട്ടി ബ്‌ളോക്ക് ചെയ്തു. ബ്‌ളോക്ക് ലിസ്റ്റില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ഐഡികള്‍ മരിച്ചു കിടപ്പുണ്ട്.
ഫേക്ക് ഐഡി എന്നൊരു വിഭാഗത്തില്‍ പെട്ടവര്‍ ശല്യപ്പെടുത്തുന്ന മെസേജുകള്‍ അയയ്ക്കുമ്പോള്‍ പ്രതികരിക്കാതെ ബ്‌ളോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒറിജിനല്‍ ഐഡിയില്‍ നിന്നുള്ളവരാണെങ്കില്‍ വെറുതെ ക്ഷമിച്ചു കൊടുക്കാതെ പരസ്യമായി പ്രതികരിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ഒരുപാടു ബഹുമാനിക്കുകയും മനസില്‍ ഒരു സ്ഥാനം നല്‍കുകയും ചെയ്യുന്നവര്‍ ഒരൊറ്റ നിമിഷത്തില്‍ അവരുടെ ചെന്നായമുഖം പുറത്തെടുക്കുമ്പോള്‍ സങ്കടം കൊണ്ട് തളര്‍ന്നു പോകാറുമുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം ഒരിക്കല്‍ എനിക്കുണ്ടായത് സുഹൃത്തായ ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്നാണ്. ആ വ്യക്തി അത്തരത്തിലുള്ള ഒരു ആളായിരുന്നു എന്നറിഞ്ഞ നിമിഷം സ്തംബന്ധയായിപ്പോയി. ആ വ്യക്തിയെ ബ്‌ളോക്ക് ചെയ്യുകയും മുഖപുസ്തകത്തില്‍ ഈ സംഭവം വിവരിച്ച് കുറിപ്പെഴുതുകയും ചെയ്തു.
മറ്റൊരിക്കല്‍ സിനിമ നടനായ ഒരു വ്യക്തിയാണ് അപമര്യാദയായി പെരുമാറിയത്. അധ്യാപികയായ ഞാന്‍ നാട്ടില്‍ പഠിപ്പിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു മെസേജ് അയച്ചു.
‘ഞാന്‍ മിസ്സിന്റെ ബ്‌ളൂ ഫിലിം കണ്ടു’
ഈ പ്‌ളസ് ടു വിദ്യാര്‍ത്ഥിയുടെ അമ്മ അതേ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആണ്.
ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റു ചെയ്ത പ്രൊഫൈല്‍ പിക്ചര്‍ ആരെങ്കിലും ദുരുപയോഗം ചെയ്തത് ആണോ എന്ന സംശയത്തില്‍ ഞാന്‍ അവനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറയുന്നു, ‘ഞാന്‍ തമാശ പറഞ്ഞതാണ് ടീച്ചറേ’
ഓണ്‍ലൈനില്‍ പച്ചവെളിച്ചം കണ്ടാല്‍ തന്നെ പഠിപ്പിച്ച അധ്യാപികമാരോട് പോലും ഇത്തരത്തിലുള്ള അശ്‌ളീലമായ തമാശ പറയാന്‍ മടിക്കാത്ത ഒരു സമൂഹം ആണ് ചുറ്റുമുള്ളത്. ക്‌ളാസ് മുറിയില്‍ മുമ്പ് ‘ടീച്ചറേ’ എന്നു വിളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ‘ഹായ് ഡിയര്‍’ എന്ന് വിളിച്ച് ഇന്‍ബോക്‌സില്‍ വരുന്നത് സ്ഥിരമാക്കിയപ്പോള്‍ ബ്‌ളോക്ക് ചെയ്യുകയും ചെയ്യേണ്ടി വന്നിട്ടുണ്ട് സ്വന്തം വിദ്യാര്‍ത്ഥികളെയും. അപ്പോള്‍ പിന്നെ അപരിചിതര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന് ഊഹിക്കാമല്ലോ!
ഇന്‍ ബോക്‌സിലെത്തി അമിതമായി പുകഴ്ത്തുന്ന ഒരു ഓണ്‍ലൈന്‍ എഴുത്തുകാരനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റിലായിരുന്ന വ്യക്തിയാണ്. ഓണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തി സ്ത്രീകളെ പറ്റിച്ചതിനും സാത്താന്‍ സേവ നടത്തി ആത്മാവിനോട് സംസാരിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതിനുമാണ് ഇദ്ദേഹം അറസ്റ്റിലായത്. ഈ വിവരം ഞാന്‍ പരസ്യമായി മുഖപുസ്തകത്തില്‍ കുറിച്ചപ്പോള്‍ അത് ഇയാളുടെ സംസാരത്തിലും എഴുത്തിലും മയങ്ങി പ്രണയത്തിലകപ്പെട്ട ഒരുപാടു സ്ത്രീകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു. ഇദ്ദേഹവുമായി പ്രണയത്തിലായിരുന്ന പല സ്ത്രീകളും എന്നോട് ‘നന്ദി’ പറഞ്ഞപ്പോഴാണ് ഒരു സ്ത്രീ കൂട്ടായ്മ ഫേയ്‌സ്ബുക്കില്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ ഞങ്ങള്‍ ഒരു കൂട്ടം സ്തീകള്‍ ചേര്‍ന്ന് ‘സ്ത്രീ’ എന്ന ഗ്രൂപ്പ് ഉണ്ടാക്കി. ഞങ്ങളെ ശല്യപ്പെടുത്തുന്നവരുടെ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും അത്തരം ഐഡികളെ ഞങ്ങള്‍ ഒന്നു ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാറുണ്ട്.
ഇത്തരം പരസ്യമായ പ്രതികരണങ്ങളിലൂടെ എനിക്ക് അനാവശ്യമായി വന്നിരുന്ന മെസേജുകളുടെ എണ്ണം തൊണ്ണൂറ്റിയൊന്‍പത് ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ ഇന്‍ബോക്‌സിലേക്ക് പഞ്ചാരയടിച്ച് ചെല്ലുന്ന പുരുഷന്‍മാരെക്കുറിച്ചാണ് നമ്മള്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ എന്റെ അടുത്ത പുരുഷ സുഹൃത്തിന്റെ മെസേജ് ബോക്‌സ് ഒരിക്കല്‍ കാണാന്‍ ഇടയായപ്പോള്‍ മനസിലായത് ‘ഓണ്‍ലൈന്‍ പിടക്കോഴികള്‍’ ഒരുപാടു ഉണ്ടെന്നാണ്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍. ദാമ്പത്യ ജീവിതത്തിലെ അതൃപ്തി ആയിരിക്കാം കാരണം.
മറ്റൊരു കൂട്ടര്‍ക്ക് ഔചിത്യബോധമില്ലാതെ മെസേജുകള്‍ അയയ്ക്കുന്നതാണ് ഹരം. പാതിരാത്രിയില്‍ എപ്പോഴെങ്കിലും നമ്മള്‍ പച്ചവെളിച്ചം തെളിയിക്കേണ്ട താമസം ഇവരെ നമ്മള്‍ മാടി വിളിച്ചതെന്ന ഭാവത്തില്‍ ഇന്‍ബോക്‌സിലേക്കോടിയെത്തും. പ്രൊഫൈലില്‍ നമ്മുടെ എല്ലാ വിവരങ്ങളും ചേര്‍ത്തിട്ടുണ്ടെങ്കിലും പേരെന്താ, വീടെവിടെ, നാടെവിടെ എന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാനെത്തുന്നതാണ് മറ്റൊരു കൂട്ടര്‍ക്ക് ഹരം.
ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ പച്ചവെളിച്ചത്തിന് പിന്നില്‍ മറഞ്ഞിരുപ്പുണ്ട്.
അതുപോലെ തന്നെ മനസില്‍ നന്‍മയുള്ള ഒരു കൂട്ടം നല്ല മനുഷ്യരും നമ്മുടെ ചുറ്റുമുണ്ട്. ഒരിക്കല്‍ പോലും നമ്മള്‍ക്കൊരു ശല്യമുണ്ടാക്കാത്ത ആയിരക്കണക്കിന് നല്ല മനുഷ്യര്‍ നമ്മുടെ സുഹൃദ് വലയത്തിലുള്ളതും അവര്‍ തരുന്ന സ്‌നേഹവും പ്രചോദനവും ആണ് വീണ്ടും വീണ്ടും പച്ചവെളിച്ചം തെളിച്ച് ഫേയ്‌സ്ബുക്കിലെത്താനും മുഖപുസ്തകത്തില്‍ കുത്തിക്കുറിക്കാനും പ്രേരിപ്പിക്കുന്നത്.അവരാണ് പച്ചവെളിച്ചം തെളിക്കുന്ന യാഥാര്‍ത്ഥ ഹീറോകള്‍. അങ്ങനെയുള്ളവരാല്‍ നിറയട്ടെ നമ്മുടെ ഫേയ്‌സ്ബുക്ക് വഴിത്താരകള്‍!