കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ വിദേശബന്ധം അടക്കം പുറത്തു വന്ന സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറിയേക്കുമെന്നു സൂചന. കേരളത്തില്‍ നിന്നു കടത്തിയ പെണ്‍കുട്ടികളെ വിദേശ രാജ്യങ്ങളില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കു കൈമാറിയെന്നു കണ്ടെത്തിയതോടെയാണ് കേസ് എന്‍ഐഎയ്ക്കു കൈമാറുന്നത്.
ഇതിനിടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു. പെണ്‍വാണിഭ സംഘത്തിന് വഴങ്ങാന്‍ വിസ്സമ്മതിച്ച യുവതികളെ ഗള്‍ഫില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയെന്ന് ഇരയായ യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചത്.
വീട്ടുജോലി വാഗ്ദാനം നല്‍കിയാണ് യുവതികളെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയിരുന്നത്. മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ആലുവാ സ്വദേശി മുജീബ് ഉള്‍പ്പെടുന്ന മലയാളിസംഘമാണ് ബഹറിനില്‍ പെണ്‍വാണിഭ ഇടപാടുകള്‍ നടത്തി വന്നത്. വടകര സ്വദേശിയായ യുവാവും കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ യുവതിയും ഈ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായി ഇരയാക്കപ്പെട്ട യുവതി പോലീസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
യുവതിയുടെ രഹസ്യ മൊഴിയില്‍ പറയുന്ന പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ യുവതിയുടെ മകളുടെ വിവാഹം നടത്തിയതിനെത്തുടര്‍ന്ന് മൂന്നു ലക്ഷം രൂപയുടെ കടബാധ്യത വന്നു. പിന്നീട് ബഹറിനില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് ചില ഏജന്റുമാര്‍ യുവതിയെ സമീപിക്കുകയും ഗള്‍ഫിലേക്ക് വിസ നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിദേശത്തേക്ക് പോയത്.
അവിടെ വിമാനത്താവളത്തില്‍ മുജീബിന്റെ സംഘത്തിലുള്ള രണ്ടുപേര്‍ ഇവരെ സ്വീകരിച്ചു. പിന്നീട് ഇവരെ ഒരു ഫഌറ്റില്‍ കൊണ്ടുപോയി. ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘാംഗങ്ങള്‍ കൈക്കലാക്കി. പിന്നീട് മുറിയില്‍ പോയി ഡ്രസ് മാറാന്‍ ആവശ്യപ്പെട്ടു. ഫഌറ്റില്‍ രണ്ടു മുറി നിറയെ പെണ്‍കുട്ടികളായിരുന്നു. പിറ്റേദിവസം എവിടെയാണ് ജോലി എന്നന്വേഷിച്ചപ്പോളാണ് വീട്ടുജോലിക്കല്ലെന്നും പെണ്‍വാണിഭത്തിനാണ് തന്നെ കൊണ്ടുവന്നതെന്നും യുവതിക്ക് മനസിലായത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കു വഴങ്ങിയാല്‍ മൂന്നുമാസത്തിനുള്ളില്‍ കടം വീട്ടാം കഴിയുമെന്ന് സംഘാംഗങ്ങള്‍ യുവതിയോട് പറഞ്ഞു.
യുവതി വിസമ്മതിച്ചതിനെതുടര്‍ന്ന് യുവതിയെ ഒരു വില്ലയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും പിന്നീട് മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. അതിനുശേഷമാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതെന്ന് യുവതി പറയുന്നു. ജയില്‍ മോചിതയായ ശേഷം ഒരു മലയാളി സന്നദ്ധപ്രവര്‍ത്തകന്റെ സഹായത്തോടെ താന്‍ നാട്ടിലെത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്കി. ഓണ്‍ലൈന്‍ പെണിഭസംഘത്തിലെ ചിലര്‍ അറസ്റ്റിലായെന്ന വാര്‍ത്ത അറിഞ്ഞ തിനെത്തുടര്‍ന്നാണ് യുവതി സംഘത്തെപ്പറ്റി പോലീസില്‍ രഹസ്യമൊഴി നല്കാന് തയ്യാറായത്. നിരവധി യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.