കൊച്ചി : ഓണ്‍ലൈന്‍ ലൈംഗീകവ്യാപാര സംഘത്തില്‍ നിന്നും രക്ഷപെട്ടുപോകാന്‍ ശ്രമിക്കുന്ന യുവതികളെ എയിഡ്‌സ് രോഗിയായ ഇരുപത്തിമൂന്നുകാരനെ ഉപയോഗിച്ച് മുഖ്യപ്രതി ജോഷി ചതിച്ചിരുന്നതായി ഇയാളുടെ സഹായി അനൂപിന്റെ മൊഴി. കേസില്‍ പിടിയിലായ മുഖ്യപ്രതി ജോഷി ജോസഫാണ് യുവതികളെയും ശത്രുക്കളെയും കുരുക്കുന്നതിനായി എയിഡ്‌സ് രോഗികളെ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടാണ് ഇയാള്‍ നിര്‍ണായകമായ ഈ കാര്യം വ്യക്തമാക്കിയത്.
ജോഷിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതികളെ കൂടുതല്‍ പണം നല്‍കി വിളിച്ചു വരുത്തി ഇടപാടുകാരനാണെന്ന വ്യാജേനയെത്തുന്ന എയിഡ്‌സ് രോഗിയും ഇരുപത്തിമൂന്നുകാരനുമായ തന്റെ ഡ്രൈവര്‍ക്ക് കാഴ്‌ചവെക്കുകയായിരുന്നു പതിവ്. ഇയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ ശത്രുതയുള്ള ഇടപാടുകാര്‍ക്ക് ഉപായത്തില്‍ എത്തിച്ചു നല്‍കും. പിന്നീടു ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ യുവതികളോടും ശത്രുക്കളോടും പറയുമെന്നും ജോഷി പൊലീസിനോട് പറഞ്ഞു. പെണ്‍വാണിഭസംഘത്തിലെ യുവതികളില്‍ പലരും എയ്ഡ്‌സ് രോഗികളായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ള ജോഷി കൊച്ചിയിലെ ചില പൊലീസുകാരുടെ ഒത്താശയോടെ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെ മയക്കുമരുന്നു കേസില്‍ പെടുത്താന്‍ ശ്രമിച്ചതായി ജോഷിയുടെ സഹായിയായ അനൂപ് പറഞ്ഞു. സ്വകാര്യബാങ്ക് ജീവനക്കാരനും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ അനൂപാണ് സംഘത്തിന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. കേസില്‍ അനൂപിനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം.