കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ പ്രമുഖ മോഡലും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരത്തിന്റെ സംഘാടകനും ഉള്‍പ്പടെ 15 പേര് പിടിയിലായി. പ്രമുഖ മോഡല്‍ രശ്മി നായര്‍, ഭര്‍ത്താവും ചുംബന സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാഹുല്‍ പശുപാലനും കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അക്ബറുമാണ് പിടിയിലായ പ്രമുഖര്‍. അറസ്റ്റിലായവരില്‍ നാലു പേര് സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബെംഗളൂരു സ്വദേശിയായ ഇവരെ അടുത്ത ദിവസമാണ് കൊച്ചിയിലെത്തിച്ചത്.ഒാപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ നടത്തിയ റെയ്ഡിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒാൺലൈൻ പെൺവാണിഭ മാഫിയയെ കുടുക്കിയത്.
കുട്ടികളെകുറിച്ച് ലൈംഗിക പരാമർശം നടത്തുന്ന പോസ്റ്റുകൾ പ്രചരിച്ച കൊച്ചുസുന്ദരികൾ എന്ന ഫേസ്ബുക് പേജിൽ പോസ്റ്റുകളും കമൻറുകളും ഇടുന്നവർ ഏറെകാലമായി സൈബർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തിൽ ഈ ഗ്രൂപ്പിലുള്ളവർ ഒാൺലൈൻ പെൺവാണിഭം നടത്തുന്നതായി കണ്ടെത്തി. ഇടപാടുകാരെന്ന വ്യാജേനെ പൊലീസ് നടത്തിയ നീക്കമാണ് സംഘത്തെ കുടുക്കിയത്. പിടിയിലായവരിൽ മൂന്ന് അന്യ സംസ്ഥാന യുവതികളും ഉണ്ട്.
ഫേസ്ബുക്ക് വഴി പെൺകുട്ടികളെ വ്യക്തിഹത്യ ചെയ്ത കുറ്റത്തിനും പിടിയിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തതിനാൽ മുഴുവൻ പ്രതികളെയും തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ട് സ്ത്രീകളുമായി എത്തിയ പെൺവാണിഭ മാഫിയ, പൊലീസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തെന്നും കാറിന്റെ നമ്പർ ലഭിച്ചതിനാൽ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു