കൊച്ചി: കേരളത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ തല പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെന്നു സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മഹാജാരാവ് എന്ന കോഡ് പേരില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനാണ് എല്ലാ വെബ് സൈറ്റുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെയെല്ലാം ഫെയ്സ്ബുക്ക് പേജിലെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ച സംഘത്തിനു ഈ സംഘങ്ങള്‍ക്കു പിന്നിലെല്ലാം മലയാളികള്‍ ഉണ്ടെന്നു ഉറപ്പിച്ചിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍ അന്‍പതിലേറെ സോഷ്യല്‍ മീഡിയ പേജുകളും, മുപ്പതിലേറെ വെബ് സൈറ്റുകളുമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കുടുങ്ങിയ അന്വേഷണത്തിന്റെ ചുവടു പിടിച്ചു സൈബര്‍ സെല്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ രംഗത്ത് ഇപ്പോഴും സജീവമായി നില്ക്കുന്ന വൈബ് സൈറ്റുകളുടെ വിവരം ലഭിച്ചത്. ഈ വെബ് സൈറ്റുകളെ സമ്പൂര്‍ണ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ ഇവയുടെ പേരും വിശദാംശങ്ങളും ഇപ്പോള്‍ പുറത്തു വിടാനാവില്ലെന്നു സൈബര്‍ സെല്ലിലെ ഒരു ഉന്നത ഉദ്യോഗസഥന് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനോടു വ്യക്തമാക്കി.
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കായി പെണ്‍കുട്ടികളെ എത്തിച്ചു നല്കുന്നതിനു ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദുബായിയിലെ പ്രമുഖ റിക്രൂട്ടിങ് ഏജന്‍സിയുടെ കൊച്ചിയിലെ ജീവനക്കാരന്റെ മൂന്നു മൊബൈല്‍ നമ്പരുകള്‍ ഈ വെബ് സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ സെല്ലിനു ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളും വെബ് സൈറ്റുകളും നിയന്ത്രിക്കുന്ന വിദേശ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഗൂഗിള്‍, ഫെയ്സ്ബു്ക്ക് തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികളുമായി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ഈ വിവരങ്ങള്‍ നല്കാന് കമ്പനി അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. കേരള സൈബര്‍ സെല്ലിന്റെ അധികാര പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ അപേക്ഷ മടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ദുബായിയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലിക്കെന്ന പേരില്‍ കയറ്റിയയക്കപ്പെടുന്ന പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റില്‍ എത്തിക്കുന്നതിനു വേണ്ടി തന്നെ വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. കൊച്ചിയിലെ യുവ എംഎല്‍എയുടെ പേരും സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നു. എന്നാല്‍, ഇത് പിന്നീട് ഒതുക്കി തീര്‍ക്കുകയയിരുന്നു.