ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിന്റെ സൂത്രധാരന്‍മാര്‍ ഏഴുപേര്‍. പ്രധാനമന്ത്രി മോദിയുള്‍പ്പെടെ ഏഴുപേരാണ് ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനാ മേധാവികള്‍, റോ, ഐ.ബി. മേധാവികള്‍ എന്നിവരാണ് ഫെബ്രുവരി 26-ലെ വ്യോമാക്രമണം ആസൂത്രണം ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റോയും ഇന്റലിജന്‍സും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കുമേല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. ജെയ്ഷെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ബാലകോട്ട് ഉള്‍പ്പെടെ ആറ് മേഖലകളിലാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ മസൂദ് അസറിന്റെ ബന്ധുവായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെയുടെ ട്രെയിനിങ് ക്യാമ്പും ഉള്‍പ്പെട്ടിരുന്നു.
ഇന്റലിജന്‍സ് വിവരങ്ങള്‍ കൃത്യമായി കൈമാറിയതോടെ ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമാക്രമണത്തിന് അനുമതി നല്‍കി. തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി. നിരന്തരമായി അതിര്‍ത്തിയില്‍ പറന്ന് പാക് സൈന്യത്തെ അസ്വസ്ഥ്യമാക്കിയതിനോടൊപ്പം ജെയ്ഷെ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ മുന്നൂറിലേറെ ഭീകരരുടെ സാന്നിധ്യം ഉറപ്പുവരുത്തിയതോടെ ഈ വിവരങ്ങള്‍ ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 25-ന് വൈകിട്ടോടെ പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമക്രമണം നടത്താന്‍ തീരുമാനമെടുത്തു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യോമാക്രമണം നടത്തുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുഴുവന്‍ അദ്ദേഹം സേനാമേധാവികളുമായി നിരന്തരം ചര്‍ച്ച ചെയ്യുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ പാകിസ്താന്‍ തിരിച്ചടിക്കുകയാണെങ്കില്‍ എങ്ങനെ പ്രത്യാക്രമണം നടത്തണമെന്നതിലും തീരുമാനമെടുത്തു.
ഫെബ്രുവരി 26 അര്‍ധരാത്രി ഒന്നരയോടെയാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചത്. ഗ്വാളിയോര്‍ ബേസ് ക്യാമ്പില്‍നിന്ന് മിറാഷ് വിമാനങ്ങളും മറ്റുബേസുകളില്‍നിന്ന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പുലര്‍ച്ചെ മൂന്നരയോടെ പാക്ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം ഈ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തി. ഓപ്പേറഷന്‍ പൂര്‍ത്തിയാകുന്നത് വരെ സേനാമേധാവികളും പ്രധാനമന്ത്രിയും ഉറക്കമൊഴിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ചു.
മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. അകമ്പടിയായി സുഖോയ് വിമാനങ്ങളും ദൗത്യത്തില്‍പങ്കുചേര്‍ന്നു. മിറാഷ് വിമാനങ്ങള്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമായിരുന്നു സുഖോയ് വിമാനങ്ങളും അകമ്പടിസേവിച്ചത്. എന്നാല്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ ചെറുത്തുനില്‍പ്പിന് പോലും ശ്രമിക്കാതെ പാക് വിമാനങ്ങള്‍ പിന്മാറുകയായിരുന്നു.