തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ ഉമ്മന്‍ചാണ്ടിയെ ദേശിയ നേതൃത്വം വെട്ടിനിരത്തിയതോടെ രണ്ടും കല്‍പ്പിച്ച പ്രതിഷേധം നയിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറെടുക്കുന്നു. അതേ സമയം കേരളത്തില്‍ യുവനിരയ്ക്ക് നല്‍കിയ മുന്‍ഗണന കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയട്ടുണ്ടെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്. ഇതിനിടയില്‍ ഗ്രൂപ്പിന്റെ ശക്തിതെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി രംഗത്തിറങ്ങിയാല്‍ അത് ഹൈക്കമാന്റിനോട് വെല്ലുവിളിയായി കണക്കാക്കും.
എ ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യാനാണ് ഹൈക്കമാണ്ട് ശ്രമിക്കുന്നതെന്ന തിരിച്ചറിവില്‍ ഉമ്മന്‍ ചാണ്ടി എത്തിക്കഴിഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിലപേശല്‍ തന്ത്രത്തില്‍ എകെ ആന്റണിവരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധം കൈവിട്ട കളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചില ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി എടുത്തിരുന്നു. ഇതിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികാരം തീര്‍ക്കുകയാണെന്ന അഭിപ്രായം എ ഗ്രൂപ്പില്‍ സജീവമാണ്. ഐ ഗ്രൂപ്പും സുധീരനും അവസരം മുതലെടുത്തുവെന്നാണ് വിലയിരുത്തല്‍. എ ഗ്രൂപ്പ് നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടിയില്‍ കരുത്തനാകാന്‍ സുധീരന്‍ ശ്രമിക്കുമെന്ന ഭയവുമുണ്ട്.
അതുകൊണ്ട് തന്നെ വി എം സുധീരനെതിരെ നിലപാട് കടുപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി പക്ഷത്തിന്റെ തീരുമാനം. എ കെ ആന്റണിയുടെ പിന്തുണയോടെയാണ് സുധീരന്‍ നീങ്ങുന്നത്. ഡിസിസിയല്‍ എട്ടെണ്ണം ഐ ഗ്രൂപ്പിന് കൊടുത്തു. ഒരെ്ണ്ണം സുധീരനും. എ ഗ്രൂപ്പിന്റെ പട്ടികയില്‍ ഡിസിസി പ്രസിഡന്റുമാരായവരും ഉറച്ച ഗ്രൂപ്പുകാരല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് സുധീരന്‍ കള്ളക്കളി നടത്തുകയാണ്. ഇതുകൊണ്ടാണ് പ്രതിഷേധം വ്യക്തമാക്കി സംഘടനാ തിരഞ്ഞെടുപ്പ് എന്ന വാദം കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ഉയര്‍ത്തിത്തുടങ്ങിയത്.
സംഘടനാ തെരഞ്ഞെടുപ്പെന്നത് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ തമ്പാനൂര്‍ രവി ഇത് ആവര്‍ത്തിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായ കരകുളം കൃഷ്ണപിള്ളയ്ക്കു ചുരുങ്ങിയ കാലമേ ആ പദവിയില്‍ തുടരാനായുള്ളു. അദ്ദേഹവും മറ്റുള്ളവര്‍ക്കൊപ്പം ഒഴിവാക്കപ്പെട്ടു. എത്രയും വേഗം സംഘടനാ തിരഞ്ഞെടുപ്പു മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം-രവി ആവശ്യപ്പെട്ടു. ഇത് മറ്റ് ജില്ലകളിലും ചര്‍ച്ചയാക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. എല്ലാ ജില്ലയിലും തങ്ങള്‍ക്ക് വ്യക്തമായ മേധാവിത്തമുണ്ട്. അതുകൊണ്ട് തന്നെ ജയം ഉറപ്പാണെന്നും അവര്‍ കരുതുന്നു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ എ ഗ്രൂപ്പിന് വ്യക്തമായ മേധാവിത്വമുണ്ട്. പാലക്കാടും ഡിസിസിയക്ക് അര്‍ഹത എ ഗ്രൂപ്പിന്. മലപ്പുറത്തും ഗ്രൂപ്പിന്റെ ശക്തി കേന്ദ്രം. കോഴിക്കോടും ആലപ്പുഴയിലും സംഘടനാ തലത്തില്‍ എ ഗ്രൂപ്പിന് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഇതൊന്നും ഡിസിസി പുനഃസംഘടനയില്‍ പ്രതിഫലിച്ചില്ല. എന്ത് മാനദണ്ഡ പ്രകാരമാണ് എട്ട് ഡിസിസി പ്രസിഡന്റുമാരെ ഐ ഗ്രൂപ്പിന് നല്‍കിയതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. എകെ ആന്റണിയും സുധീരനും ചെന്നിത്തലയും ചേര്‍ന്ന് കള്ളക്കളി നടത്തി. ഇത് അംഗീകരിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ എന്തുവേണം എന്ന ചോദ്യത്തിന്, സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിരുന്നു. അതു തള്ളിയില്ലെങ്കിലും ആദ്യം പുനഃസംഘടന, ശേഷം തിരഞ്ഞെടുപ്പ് എന്ന ധാരണയാണു ഡല്‍ഹിയില്‍ ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് നിയമനത്തിനു പിന്നാലെ ഡിസിസികളുടെയും താഴെത്തട്ടിലുള്ള കമ്മിറ്റികളുടെയും പുനഃസംഘടന, കെപിസിസി അഴിച്ചുപണി എന്നിവയുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകും എന്നായപ്പോഴാണു സംഘടനാ തിരഞ്ഞെടുപ്പ് എന്ന വാദം എ ഉയര്‍ത്തുന്നത്. പുതിയ പ്രസിഡന്റുമാരുടെ പട്ടികയില്‍ ഉദ്ദേശിച്ച പ്രാതിനിധ്യം ലഭിച്ചില്ല എന്നതു തന്നെയാണു പ്രകോപനത്തിനു കാരണം.
കേരളത്തിലെ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ വിഭാഗം തങ്ങളുടേതാണെന്ന് എ കരുതുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനമോ കെപിസിസി അധ്യക്ഷപദവിയോ ആ വിഭാഗത്തിനില്ല. ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ചപ്പോഴും തഴഞ്ഞു. ഈ സാഹചര്യത്തിലാണ് എ വിഭാഗം എതിര്‍പ്പ് രൂക്ഷമാക്കുന്നത്.