തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുതുതലമുറ പ്രഖ്യാപനത്തില്‍ പാടെ അവഗണിക്കപ്പെട്ട ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെതിരെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് നേതാക്കളെ പോലും വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപ്പെട്ട ഉമ്മന്‍ ചാണ്ടിയെ ഡിസിസി പ്രഖ്യാപനത്തില്‍ പൂര്‍ണ്ണമായി വെട്ടി നിരത്തിയിരുന്നു.
ഇനിയും ഹൈക്കമാന്‍ഡുമായിയാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്നും സംഘടനാ തിരഞ്ഞെ ടുപ്പ് നടത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറാവുകയോ ഡി.സി.സി പുന:സംഘടനയില്‍ പറ്റിയ ഷീണം നികത്താന്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്ന ഫോര്‍മുല അംഗീകരിക്കുകയോ ചെയ്യുന്നില്ലാ എങ്കില്‍ കോണ്‍ഗ്രസ് പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാനും നീക്കം നടത്തും
ഇനി വരുന്ന നാളുകള്‍ തനിക്കനുകൂലമായ ഒരു നിലപാടും ദേശിയ തലത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിക്ഷിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസില്‍ പുതിയ കലാപ കൊടി ഉയര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ ദേശിയ നേതൃത്വവുമായി ഏറ്റുമുട്ടുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് വിട്ട് പുതിയ മുന്നണി രൂപികരിക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയതായും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു. മുസ്ലീം ലീഗിന്റെയും മാണി കോണ്‍ഗ്രസിന്റെയും പിന്തുണയോടെ കോണ്‍ഗ്രസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടിയും മുന്നണിയും രൂപികരിക്കാനാണ് നീക്കം. ഉമ്മന്‍ ചാണ്ടി അങ്ങിനെയൊരു നീക്കം നടത്തിയാല്‍ മുസ്ലീം ലീഗും മാണിയും പിന്തുണയ്ക്കുകയും ചെയ്താല്‍ പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഉമ്മന്‍ ചാണ്ടി വിഭാഗം കരുതുന്നത്. മൈനോരിറ്റി മുന്നണി എന്ന ചിന്തയില്‍ കേരളത്തിലെ കത്തോലിക്ക സഭയുടെ പൂര്‍ണ്ണ പിന്തുണയും ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നു.കോണ്‍ഗ്രസില്‍ കത്തോലിക്കാ സഭയെ തീരെ അവഗണിച്ചു എന്ന ചിന്തയും പ്രതിഷേധവും കേരളത്തിലെ കത്തോലിക്ക സഭക്കും ഉണ്ട്. രമേശ് ചെന്നിത്തലയും സുധീരനും കോണ്‍ഗ്രസിന് ഹിന്ദുത്വ മുഖം കൊടുക്കാനായി കത്തോലിക്ക സമൂഹത്തെ അവഗണിക്കുന്നു എന്ന പരാതി പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. കസ്തൂരി രംഗന്‍ ,ഗാഡ്ക്കില്‍ വിഷയങ്ങളിലും കര്‍ഷകരുടെ വിഷയത്തിലും 95 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കത്തോലിക്ക സഭയും സമൂഹവും കോണ്‍ഗ്രസുമായിടഞ്ഞു നില്‍ക്കയാണ് .ഇവരുടെ പിന്തുണയും കിട്ടുമെന്ന ചിന്ത ഉമ്മന്‍ ചാണ്ടിക്കും ടീമിനും ഉണ്ട്.
നിയസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വെട്ടിയതോടെ പാര്‍ട്ടി വിടുമെന്ന് ഭീഷണിയാണ് അന്നുയര്‍ത്തിയത്. അഴിമതിക്കാരും ആരോപണവിധേയരായ മന്ത്രിമാരേയും ഒഴിവാക്കണമെന്ന ഹൈക്കമാന്‍ഡിന്റെ ആവശ്യം അന്ന് പാടേ അവഗണിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വച്ച് പാര്‍ട്ടി വിടുമെന്ന ഭീഷണിയില്‍ ഹൈക്കമാന്റിനെ വെള്ളം കുടിപ്പിച്ചാണ് കാര്യങ്ങള്‍ നേടിയതെന്ന കാര്യം അങ്ങാടി പാട്ടാണ്. എന്നാല്‍ ഇനിയുള്ള കാലം ഇത്തരം ഭീഷണികള്‍ വിലപോകില്ലെന്നറിയുന്നത് കൊണ്ടാണ് ഇനിയും ഒതുക്കല്‍ നേരിട്ടാല്‍ പാര്‍ട്ടിവിടുക എന്ന നിര്‍ണ്ണായക തീരുമാനത്തിലേയ്ക്ക് നീങ്ങുന്നത്. കോണ്‍ഗ്രസ് വിട്ടാല്‍ ലീഗും മാണി കോണ്‍ഗ്രസും കൂടെയുണ്ടായാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പമാകു എന്ന് ഉമ്മന്‍ ചാണ്ടി വിഭാഗം കരുതുന്നു. സുധീരന്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന മാണി വിഭാഗം തന്റെ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് ഉമ്മന്‍ ചാണ്ടിയും സംഘവും കണക്കുകൂട്ടുന്നത്. കോണ്‍സിനെ പിളര്‍ത്തിയെത്തുന്നതോടെ മാണിക്കുപിന്നാലെ ലീഗും വിലപേശലിനായി കുടെ കൂടുന്ന സാഹചര്യം നിലവില്‍ വരുമെന്നും ഉമ്മന്‍ ചാണ്ടിയും ടീമും ചിന്തിക്കുന്നു.
എ ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യാനാണ് ഹൈക്കമാണ്ട് ശ്രമിക്കുന്നതെന്ന തിരിച്ചറിവില്‍ ഉമ്മന്‍ ചാണ്ടി എത്തിക്കഴിഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിലപേശല്‍ തന്ത്രത്തില്‍ എകെ ആന്റണിവരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി യിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധം കൈവിട്ട കളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണ്ണയവു മായി ബന്ധപ്പെട്ട് ചില ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി എടുത്തിരുന്നു. ഇതിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികാരം തീര്‍ക്കുകയാണെന്ന അഭിപ്രായം എ ഗ്രൂപ്പില്‍ സജീവമാണ്. ഐ ഗ്രൂപ്പും സുധീരനും അവസരം മുതലെടുത്തുവെന്നാണ് വിലയിരുത്തല്‍.അതുകൊണ്ട് തന്നെ വി എം സുധീരനെതിരെ നിലപാട് കടുപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി പക്ഷത്തിന്റെ തീരുമാനം. എ കെ ആന്റണിയുടെ പിന്തുണയോടെയാണ് സുധീരന്‍ നീങ്ങുന്നത്. ഡിസിസിയല്‍ എട്ടെണ്ണം ഐ ഗ്രൂപ്പിന് കൊടുത്തു. ഒരെണ്ണം സുധീരനും. എ ഗ്രൂപ്പിന്റെ പട്ടികയില്‍ ഡിസിസി പ്രസിഡന്റുമാരായവരും ഉറച്ച ഗ്രൂപ്പുകാരല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് സുധീരന്‍ കള്ളക്കളി നടത്തുകയാണ്. ഇതുകൊണ്ടാണ് പ്രതിഷേധം വ്യക്തമാക്കി സംഘടനാ തിരഞ്ഞെടുപ്പ് എന്ന വാദം കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ഉയര്‍ത്തിത്തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ഈ നീക്കത്തിന് കെ .സുധാകരന്റെ പിന്തുണയും ലഭിച്ചു എന്നതും നീക്കത്തെ ശക്തിപ്പെടുത്തും
സംഘടനാ തെരഞ്ഞെടുപ്പെന്നത് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ തമ്പാനൂര്‍ രവി ഇത് ആവര്‍ത്തിച്ചു. എത്രയും വേഗം സംഘടനാ തിരഞ്ഞെടുപ്പു മാത്രമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം-രവി ആവശ്യപ്പെട്ടു. ഇത് മറ്റ് ജില്ലകളിലും ചര്‍ച്ചയാക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. എല്ലാ ജില്ലയിലും തങ്ങള്‍ക്ക് വ്യക്തമായ മേധാവിത്തമുണ്ട്. അതുകൊണ്ട് തന്നെ ജയം ഉറപ്പാണെന്നും അവര്‍ കരുതുന്നു.കഴിഞ്ഞ ദിവസം കെ.,സി ജോസഫ് എം എല്‍ എ ഇതേ ആവശ്യം കണൂരും ആവര്‍ത്തിക്കുകയുണ്ടായി .
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ,കസര്‍കോഡ് എന്നിവിടങ്ങളില്‍ എ ഗ്രൂപ്പിന് വ്യക്തമായ മേധാവിത്വമുണ്ട്. പാലക്കാട് ഡിസിസിയക്ക് അര്‍ഹത എ ഗ്രൂപ്പിനുണ്ടാ യിരുന്നു.അതും കൊടുത്തിരുന്നില്ല. മലപ്പുറവും എ’ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ്. കോഴിക്കോടും ആലപ്പുഴയിലും സംഘടനാ തലത്തില്‍ എ ഗ്രൂപ്പിന് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഇതൊന്നും ഡിസിസി പുനഃസംഘടനയില്‍ പ്രതിഫലിച്ചില്ല. എന്ത് മാനദണ്ഡ പ്രകാരമാണ് എട്ട് ഡിസിസി പ്രസിഡന്റുമാരെ ഐ ഗ്രൂപ്പിന് നല്‍കിയതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. എകെ ആന്റണിയും സുധീരനും ചെന്നിത്തലയും ചേര്‍ന്ന് കള്ളക്കളി നടത്തി. ഇത് അംഗീകരിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ എന്തുവേണം എന്ന ചോദ്യത്തിന്, സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിരുന്നു. അതു തള്ളിയില്ലെങ്കിലും ആദ്യം പുനഃസംഘടന, ശേഷം തിരഞ്ഞെടുപ്പ് എന്ന ധാരണയാണു ഡല്‍ഹിയില്‍ ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് നിയമനത്തിനു പിന്നാലെ ഡിസിസികളുടെയും താഴെത്തട്ടിലുള്ള കമ്മിറ്റികളുടെയും പുനഃസംഘടന, കെപിസിസി അഴിച്ചുപണി എന്നിവയുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകും എന്നായപ്പോഴാണു സംഘടനാ തിരഞ്ഞെടുപ്പ് എന്ന വാദം എ ഉയര്‍ത്തുന്നത്. പുതിയ പ്രസിഡന്റുമാരുടെ പട്ടികയില്‍ ഉദ്ദേശിച്ച പ്രാതിനിധ്യം ലഭിച്ചില്ല എന്നതു തന്നെയാണു പ്രകോപനത്തിനു കാരണം.
കേരളത്തിലെ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ വിഭാഗം തങ്ങളുടേതാണെന്ന് എ കരുതുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനമോ കെപിസിസി അധ്യക്ഷപദവിയോ ആ വിഭാഗത്തിനില്ല. ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ചപ്പോഴും തഴഞ്ഞു. ഈ സാഹചര്യത്തിലാണ് എ വിഭാഗം എതിര്‍പ്പ് രൂക്ഷമാക്കുന്നത്.അര്‍ഹമായ ആവശ്യം നേടാനായില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുക തന്നയ്യാവും ലക്ഷ്യം .