![](https://dailyindianherald.com/wp-content/uploads/2016/05/OC.png)
തിരുവനന്തപുരം: ബിജെപിയെ രണ്ടാം സ്ഥാനത്താക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ അരുവിക്കര മോഡല്‍ പ്രസംഗത്തിനെതിരെ എകെ ആന്റണിയും സുധീരനും രംഗത്ത് വന്നതോടെ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി.
യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നതെന്ന് താന്‍ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചതായി ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്ന് ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്തു വിവാദമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. താന്‍ വിശദീകരിച്ചത് എന്താണെന്ന് മനസിലാക്കാതെയാണ് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ ഭരണത്തിനു ശ്രമിക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നുവെന്ന സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്ക് കുട്ടനാട്ടില്‍ മറുപടി പറയുകയായിരുന്നു താന്‍. മഞ്ചേശ്വരത്തും കാസര്‍കോട്ടും യു.ഡി.എഫ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. ഇതാണ് മറ്റു ചില മണ്ഡലങ്ങളിലും കാണുന്നത്. ബി.ജെ.പി ശക്തമായി മത്സരിക്കുന്നിടത്ത് സി.പി.എമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എങ്ങനെ ധാരണയുണ്ടാക്കും? സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ട് അത് മറച്ചുവെക്കാനാണോ യെച്ചൂരി ശ്രമിക്കുന്നത് എന്നാണ് താന്‍ ചോദിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മഞ്ചേശ്വരത്തും കാസര്‍കോട്ടും അതുപോലെ മറ്റു ചില മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന യു.ഡി.എഫിന് എങ്ങനെ വോട്ട് മറിക്കാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ തമ്മിലേ വോട്ട് മറിക്കല്‍ സാധ്യമാകൂ. രണ്ടു കൂട്ടരുടേയും പ്രഖ്യാപിത ശത്രു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മുക്തഭാരതത്തിനുവേണ്ടി ഏതടവും പയറ്റുന്നവരാണ് ബി.ജെ.പി. മതേതര കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് വിഭജന രാഷ്ട്രീയം പറഞ്ഞ് എങ്ങനെയും അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം കേരളം കൂടി നഷ്ടപ്പെട്ടാല്‍ സി.പി.എമ്മിന്റെ ഭാവി പരിതാപകരമാകും. ഇതാണ് ഇവര്‍ രണ്ടുപേരും തമ്മില്‍ ധാരണയുണ്ടാകാന്‍ കാരണമെന്ന് താന്‍ പറഞ്ഞിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ തലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും ശക്തിയുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ പ്രസംഗത്തെ തിരുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഎം സുധീരനാണ് ആദ്യം രംഗത്തെത്തിയത് കേരളത്തില്‍ ഇടതുമുന്നണിയും യുഡിഎഫും തമ്മില്‍ തന്നെയാണ് മത്സരമെന്ന സൂധീരന്‍ തിരുത്തി.