പൊളിറ്റിക്കൽ ഡെസ്ക്
ന്യൂഡൽഹി: ആരും ആവശ്യപ്പെടാതെ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുക. കോൺഗ്രസുമാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത നീക്കത്തിലൂടെ കേരളത്തിലെ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ തന്ത്രം, കുഞ്ഞാലിക്കുട്ടിയിലൂടെ രാഹുൽ ഗാന്ധിയിലെത്തിയപ്പോൾ നേട്ടമുണ്ടാക്കിയത് കെ.എം മാണി തന്നെയാണ്. തന്ത്രത്തിൽ ആദ്യാവസാനം ഒപ്പം നിന്ന ജോസ് കെ.മാണിയും കയ്യടി നേടി.
കേരള കോൺഗ്രസിനെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപ് മുന്നണിയിൽകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടു മാസം മുൻപു തന്നെ ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഐ ഗ്രൂപ്പിനെയും ഹൈക്കമാൻഡിനെയും വരുതിയിൽക്കൊണ്ടു വരാനാവാതിരുന്നതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. ഇതിനായാണ് സാക്ഷാൻ കുഞ്ഞാലിക്കുട്ടിയെ തന്നെ ഉമ്മൻചാണ്ടി രംഗത്ത് ഇറക്കിയത്.
കേരള കോൺഗ്രസിനെ യുഡിഎഫ് പാളയത്തിൽ എത്തിക്കുന്നതിനു ഉമ്മൻചാണ്ടിയുടെ ദൂതനായി കുഞ്ഞാലിക്കുട്ടിയാണ് ആദ്യം ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. ഡൽഹിയിൽ വച്ച് ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കിയ ശേഷം കുഞ്ഞാലിക്കുട്ടി കെ.എം മാണിയുമായി ഫോണിൽ രണ്ടാം റൗണ്ട് ചർച്ചയും നടത്തി. ഈ ചർച്ചയിലാണ് ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റ് എന്ന ചർച്ച വന്നത്. ആദ്യഘട്ടത്തിൽ ഇത് അംഗീകരിക്കാൻ രമേശ് ചന്നിത്തല തയ്യാറായില്ല. ഇതോടെ ഉമ്മൻചാണ്ടി തന്റെ വിശ്വസ്തനായ യുവ നേതാവ് വഴി രാഹുൽ ഗാന്ധിയെ വിവരം ധരിപ്പിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തണമെങ്കിൽ കേരള കോൺഗ്രസും മുസ്ലീം ലീഗും മുന്നണിയിൽ വേണമെന്ന നിലപാട് എടുത്തു.
എന്നാൽ, ഇതിനിടെ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും വീണ്ടും ഉടക്കുമായി രംഗത്ത് എത്തി. ഐ ഗ്രൂപ്പിനു ലഭിക്കേണ്ട രാജ്യസഭാ സീറ്റ് നഷ്ടമാക്കാനാവില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. ഇതോടെ മുസ്ലീം ലീഗും യുഡിഎഫ് മുന്നണി വിടുമെന്ന ഭീഷണി കുഞ്ഞാലിക്കുട്ടി പുറത്തെടുത്തു. ഇതോടെയാണ് രമേശ് ചെന്നിത്തല വഴങ്ങിയത്. ഈ വിവരം ചോർന്നു കിട്ടിയതോടെയാണ് ഒരു വിഭാഗം യുവ എംഎൽഎമാർ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത്.
ഇവരുടെ പ്രതിഷേധം മറികടക്കുന്നതിനും, എ- ഐ ശാക്തിക ബലാബലത്തെ ഇല്ലാതാക്കി എ ഗ്രൂപ്പിനു അധീശത്വം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഉമ്മൻചാണ്ടി ഇപ്പോൾ ഇത്തരത്തിൽ ഒരു തന്ത്രം സ്വീകരിച്ചത്. ഇതോടെ വെട്ടിലായത് രമേശ് ചെന്നിത്തലയാണ്. സീറ്റ് കേരള കോൺഗ്രസിനു നൽകിയതോടെ കോൺഗ്രസിലും യുഡിഎഫിലും പുതിയ വീതം വയ്പ്പിനാണ് ഉമ്മൻചാണ്ടി ഒരുങ്ങുന്നത്. കെ.പിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ സ്ഥാനങ്ങൾ ഇരുഗ്രൂപ്പുകളും വീതം വയ്ക്കും.