ഉമ്മന്‍ ചാണ്ടിക്ക് ശരിയായ ചികിത്സ നല്‍കിയോ ? ജനകീയ നേതാവിന്റെ മരണത്തിലും വിവാദങ്ങള്‍ പൊങ്ങുന്നു …

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാവിവാദത്തിന്റെ വാസ്തവമെന്ത്? ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്നും പ്രാര്‍ത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള ആരോപണത്തിന് ഉത്തരം ഇതാ.

2015 ലാണ് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തിലുള്ള വ്യത്യാസം കുടുംബവും ഒപ്പമുള്ളവരും ശ്രദ്ധിച്ചു തുടങ്ങിയത്. വാര്‍ത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലെ പ്രസംഗങ്ങളിലും ആ ശബ്ദം നേര്‍ത്തു വരുന്നു.  തിരക്കുകള്‍ക്കിടയില്‍ ചികിത്സയ്ക്കായി സമയം കണ്ടെത്താന്‍ ഉമ്മന്‍ ചാണ്ടി മെനക്കെട്ടുമില്ല. എന്നാല്‍ ശബ്ദ വ്യത്യാസം കൂടുതല്‍ പ്രകടമായതോടെ അദ്ദേഹം ചികിത്സയ്ക്കു വഴങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയോട് സുഹൃത്തായ ഇഎന്‍ടി സര്‍ജന്‍ ഡോ.ജോണ്‍ പണിക്കര്‍ പറഞ്ഞത്‌ ”ശബ്ദവ്യത്യാസത്തിനു പല കാരണങ്ങളുണ്ടാകാം. എന്‍ഡോസ്‌കോപ്പി ചെയ്തു നോക്കണം.” ഉമ്മന്‍ ചാണ്ടി സമ്മതിച്ചു. പരിശോധിച്ചപ്പോള്‍ തൊണ്ടയ്ക്കുള്ളില്‍ വലത്തേ ശബ്ദനാളിയില്‍ പൂപ്പല്‍ പോലെ തോന്നിക്കുന്ന സംശയകരമായ ഒരു വളര്‍ച്ച. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശോധിച്ചു. ആ വളര്‍ച്ച അപ്രത്യക്ഷമായിരിക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും പരിശോധനയ്ക്കിടയില്‍ കഴിച്ച ഒറ്റമൂലിയുടെ ഫലമാണതെന്ന് ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും വിശ്വസിച്ചു. പ്രമേഹരോഗികളില്‍ കാണുന്ന ഫംഗല്‍ ഇന്‍ഫെക്ഷനായിരുന്നിരിക്കാം ആദ്യം കണ്ടതും പിന്നെ കാണാതായതുമെന്ന് ഡോക്ടറും ആശ്വസിച്ചു.

പിന്നെ ലക്ഷണങ്ങളൊന്നുമില്ലാതെ 4 വര്‍ഷം കഴിഞ്ഞു. പിന്നീട് വീണ്ടും ശബ്ദത്തില്‍ കാര്യമായി വ്യത്യാസം കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ഡോ.ജോണ്‍ പണിക്കര്‍ക്കു മുന്നിലെത്തി. തൊണ്ടയില്‍ ചെറിയ വളര്‍ച്ച ശ്രദ്ധയില്‍പെട്ട ഡോക്ടര്‍ എത്രയും വേഗം ബയോപ്‌സി പരിശോധനയ്ക്കു നിര്‍ദേശിച്ചു.

സെപ്റ്റംബറിലും ഒക്ടോബറിലുമായി തിരുവനന്തപുരത്തും ദുബായിലും വിശദമായ പരിശോധനകള്‍. സംശയകരമായ വളര്‍ച്ചയാണെന്നു കണ്ടതോടെ 2019 നവംബറില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ബയോപ്‌സി പരിശോധന നടത്തി. കൂടുതല്‍ ഭാഗങ്ങളിലേക്കു പടരാനിടയുള്ള കാന്‍സര്‍ വളര്‍ച്ചയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇനി വേണ്ടത് കീമോതെറപ്പിയാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി. റീജനല്‍ കാന്‍സര്‍ സെന്ററില്‍ തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനു പിന്നാലെ വില്ലനായി ഡെങ്കിപ്പനിയെത്തി. ശാരീരിക അവശത കാരണം കീമോതെറപ്പി ഉടന്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയായി. ആ ഇടവേളയില്‍ അദ്ദേഹം അലോപ്പതി ചികിത്സ മാറ്റിവച്ച് ആയുര്‍വേദ മരുന്നുകളിലേക്കു മടങ്ങിപ്പോയി.

തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കുടുംബവും വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്കു പോയി. അവിടെ നടത്തിയ പരിശോധനകളില്‍ കാന്‍സര്‍ വളര്‍ച്ച കാണാനില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തിരിച്ചെത്തി കോട്ടയത്തെ ചെറിയാന്‍ ആശ്രമം ഹോളിസ്റ്റിക് സെന്ററില്‍ നടത്തിയ എന്‍ഡോസ്‌കോപ്പിയിലും വളര്‍ച്ച കണ്ടെത്താനായില്ല. ചികിത്സകളൊന്നുമില്ലാതെ 2020 ല്‍ ഉമ്മന്‍ ചാണ്ടി താരതമ്യേന ഉന്മേഷവാനായി. 2021 ഏപ്രിലില്‍ കോവിഡ് പിടികൂടി. പിന്നാലെ വീണ്ടും വില്ലനായി ശബ്ദതടസ്സമെത്തി.

2022 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ വലത്തേ ശബ്ദനാളിയില്‍ വീണ്ടും വളര്‍ച്ച തിരിച്ചറിഞ്ഞു. കീമോതെറപ്പിയിലേക്കു കടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്കു പോയി. കീമോതെറപ്പിക്കു പകരം ലേസര്‍ രശ്മികള്‍ കൊണ്ടു കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയ്ക്കു (ലേസര്‍ സര്‍ജിക്കല്‍ ഡീബള്‍ക്കിങ്) ശേഷം ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനയില്‍ വലത്തേ ശബ്ദനാളിയില്‍ നിന്നു തൊണ്ടയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരുന്നതു കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. പിന്നാലെ ഭക്ഷണം പൂര്‍ണമായി കുഴലിലൂടെയാക്കി. കീമോതെറപ്പി താങ്ങാനാകുമോ എന്ന ആശങ്ക കാരണം അത് ഒഴിവാക്കി. പകരം പോഷകങ്ങള്‍ നല്‍കി ആരോഗ്യം നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. ഇന്നലെ നാട്ടിലേക്ക് മടങ്ങിവരാന്‍ തിരുമാനിച്ചപ്പോഴാണ് മരണം സംഭവിച്ചത്‌

Top