
കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ സോളാര്‍ കേസ് ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരാണ് തലയില്‍ മുണ്ടിട്ടു നടക്കുകയെന്ന് വരും നാളുകളില്‍ കാണാമെന്നും അദ്ദേഹം. കടിയങ്ങാട് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ച ഇന്ദിരാ ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. 14 ജില്ലകളിലും കുടുംബസംഗമങ്ങളില്‍ പോയി. എല്ലായിടത്തും നല്ല പ്രാതിനിധ്യം. ആവേശവും താല്‍പ്പര്യവുമാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി. ബൂത്ത് കമ്മിറ്റികള്‍ കൂടുതല്‍ സജീവമായിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം, നാടിന്റെ വികസനത്തിനൊപ്പം നീങ്ങുന്നവയായിരിക്കണം ബൂത്ത് കമ്മിറ്റികള്‍. കോണ്‍ഗ്രസാണ് രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍. മൂന്നരക്കൊല്ലമായി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ റിസല്‍ട്ടൊന്നും ഇല്ല. പറയുന്നതൊന്നും നടക്കുന്നില്ല. ജനം അസ്വസ്ഥരായിരിക്കുന്നു. സാമ്പത്തിക സ്ഥിതി താഴോട്ടു പോകുന്നു. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല ഉള്ള തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നടുവിലക്കണ്ടി രാജന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സത്യന്‍ കടിയങ്ങാട്, കെ.കെ വിനോദന്‍, മുനീര്‍ എരവത്ത്, ഐ.പി രാജേഷ്, ഇ.വി രാമചന്ദ്രന്‍, പി. വാസു, പി.ജെ തോമസ്, രാജന്‍ മരുതേരി, ഇ.ടി സരീഷ്, എന്‍.പി വിജയന്‍, പി.കെ രാഗേഷ്, എന്‍. ചന്ദ്രന്‍, പി. സൈറ ബാനു തുടങ്ങിയവര്‍ സംസാരിച്ചു.