മുരളിയെ ചാവേറാക്കിയുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ വിജയിക്കുമോ; എ ഗ്രൂപ്പിന്റെ കൈവിട്ട കളിയില്‍ ദേശിയ നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ കരുനീക്കങ്ങള്‍ ആരെ ലക്ഷ്യം വച്ചാണെന്ന ചിത്രം വ്യക്തമായതോടെ കോണ്‍ഗ്രസ് രാഷട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതിയ കുതന്ത്രങ്ങള്‍ വിജയിക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. വളരെ നിശബ്ദമായി തുടങ്ങിയ നീക്കങ്ങള്‍ തെരുവിലെത്തിയതും തനിക്ക് ഗുണകരമാക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമക്കുന്നത്. മുരളീധരനെ രംഗത്തിറക്കിയതോടെ ചെന്നിത്തലയുടെ ശക്തി കുറയക്കാനും സുധീരനെതിരെ ചാവേറാക്കാനും കഴിയുമെന്നുള്ള കണക്കുകൂട്ടിലാണ്.

മുരളീധരനെ രംഗത്തിറക്കിയതോടെ കോണ്‍ഗ്രസില്‍ കലാപകൊടി ഉയര്‍ത്താനും തന്റെ ശക്തി ശോഷിച്ചിട്ടില്ലെന്ന് തെളിയിക്കാനും ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞു. അതേസമയം എ ഗ്രൂപ്പിനുവേണ്ടി മുരളീധരന്‍ ചാവേറാവുകയാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്. മുരളീധരന്റെ ഒറ്റ പ്രസ്താവനയോടെ കാര്യങ്ങള്‍ കൈവിട്ടതോടെ ആദ്യഘട്ടം വിജയത്തിന്റെ ആഹ്‌ളാദത്തിലാണ് എ ഗ്രൂപ്പുകാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരളി പറഞ്ഞപ്പോള്‍ കൊള്ളേണ്ടവര്‍ക്കുകൊണ്ടു. ഡിസിസി പുനഃസംഘടനയിലൂടെ അജയ്യനായി നിലകൊണ്ട സുധീരന്റെ നേര്‍ക്കാണ് മുരളി അമ്പെയ്തത്. സോളാര്‍കേസില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അടിയുറച്ചു പോരാടിയ എ ഗ്രൂപ്പ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സുധീരനുവേണ്ടി മുരളീധരന്‍ തൊടുത്ത അമ്പ് ഏറ്റുവാങ്ങിയപ്പോള്‍ എല്ലാരും ഞെട്ടി.

ഞെട്ടല്‍ മാറുംമുമ്പേ, ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് ഉണ്ണിത്താന്റെ അടുത്ത പ്രകടനവും വന്നതോടെയാണ് കാര്യങ്ങളുടെ പോക്ക് കേരളീയര്‍ക്ക് മനസിലായത്. ഉമ്മന്‍ ചാണ്ടിയുടെ ആളായിരുന്ന ഉണ്ണിത്താന്‍ സുധീരന്റെയാളും, സുധീരനോട് അടുപ്പമുണ്ടായിരുന്ന മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയുടെ ആളുമായി മാറിയിരിക്കുന്നു.
എന്തും വിളിച്ചുപറയാന്‍ അറപ്പില്ലാത്ത ഉണ്ണിത്താനെ രക്ഷിക്കാന്‍ ആരും എത്തിയില്ല. പക്ഷേ മുരളീധരനെ അനുകൂലിച്ച് പലരും ഒളിഞ്ഞുംതെളിഞ്ഞും രംഗത്തുവരുന്നുണ്ട്. തന്റെ അടുത്ത പോരാളിയായി ഉമ്മന്‍ ചാണ്ടി മുരളീധരനെ ഉയര്‍ത്തിക്കൊണ്ടുവരുന്നുവെന്നുതന്നെയാണ് കോണ്‍ഗ്രസിനുള്ളിലെയും, പുറത്തേയും കണക്കുകൂട്ടല്‍.

ഡിസിസി മുതല്‍, കെപിസിസിവരെ ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്നുതന്നെയാണ് സൂചന. അതില്‍ ഉമ്മന്‍ ചാണ്ടിക്കുതന്നെ മുന്‍തൂക്കം ലഭിക്കുമെന്നും പലരും കരുതുന്നു. ഒറ്റയാനെന്നു വിശേഷിപ്പിക്കപ്പെടുന്ന സുധീരനേക്കാള്‍, എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള ഉമ്മന്‍ ചാണ്ടിയെ പ്രീതിപ്പെടുത്താനാകും സോണിയാ ഗാന്ധിയും, എ കെ ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ സുധീരനുപകരം കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ മുരളീധരന്റെ പേര് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിക്കുമെന്നും എ ഗ്രൂപ്പുകാര്‍ പറയുന്നു. ഉടനെ നടക്കുന്ന കെഎസ് യു തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് ശക്തി തെളിയിക്കും. ഇതോടെ ഹൈക്കമാന്റിനും കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ധാരണ. ഹൈക്കമാന്റിനുമുന്നില്‍ മുട്ടുമടക്കാതെ ഇങ്ങനെ കാര്യങ്ങള്‍ നേടാമെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കൈവിട്ട കളിയോട് എ കെ ആന്റണി പരസ്യമായി തന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളികള്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 

Top