തിരുവനന്തപുരം/കോട്ടയം: കേരളത്തില്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലുള്ളതിനേക്കാള്‍ സീറ്റുകിട്ടുമെന്നതില്‍ സംശയമില്ല. സിപിഎം അക്രമത്തിനും ബിജെപിയുടെ വിഭാഗീയതയ്ക്കുമെതിരാകും ഇത്തവണത്തെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാജയ ഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് നാദാപുരത്ത് ബോംബ് പിടിച്ചതുമായി ബന്ധപ്പെട്ട കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പത്തുദിവസം മുന്‍പാണ് അവിടെ 24 വയസുള്ള സിപിഎം പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിമരിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇത്തരം അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെത്താകുമിത്. അക്രമങ്ങള്‍ക്ക് ഒരു പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്നാണ് സുധീരന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കണം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപി വര്‍ഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതും. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തണം. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സുധീരന്‍ പ്രതികരിച്ചു.