പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയെക്കുറിച്ചല്ല പെണ്ണുകേസാരോപണം,മുഖ്യമന്ത്രിയെക്കുറിച്ചാണ്.ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം:വി.എസ്

തിരുവനന്തപുരം:ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുന്ന ആളായി ഉമ്മന്‍ചാണ്ടി മാറി. അഴിമതി നടത്തിയ ബാബുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും വി.എസ് പറഞ്ഞു.അഴിമതി ആരോപണങ്ങള്‍ക്കു പുറമേ പെണ്ണുങ്ങളുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരിക്കുന്നു. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയെക്കുറിച്ചല്ല ആരോപണം, കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചാണ്. ലജ്ജയെന്ന വാക്കിന് വല്ല വിലയുമുണ്ടോ? മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തവകാശമെന്നും വി.എസ് ചോദിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെയും ബാര്‍കോഴ കേസില്‍ കെ. ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ഒരു കോടിയുടെ കോഴ ആരോപണം കേട്ട മാണി ഇപ്പോള്‍ മന്ത്രിസഭയിലില്ല. അപ്പോള്‍ 5.5 കോടിയുടെയും 10 കോടിയുടെയും ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ തുടരുന്നതു ശരിയാണോ?ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ ആവശ്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷന്‍ ഉത്തരവിട്ടത് എന്തുകൊണ്ട്? മന്ത്രിമാരെ രക്ഷിക്കാനുള്ള നാണം കെട്ട നടപടികളണ് ആഭ്യന്തര മന്ത്രി കൈക്കൊള്ളുന്നത്. അഴിമതികളെക്കുറിച്ച് ജേക്കബ് തോമസ് പറയുമ്പോള്‍ സെന്‍കുമാര്‍ ഞഞ്ഞാ പിഞ്ഞാ പറയുന്നു. പെണ്ണുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും പുറത്തുമായി ആറോ ഏഴോ പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതെല്ലാം കൂടി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുകയാണ്. ഒന്നുകില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവച്ച് പുതിയ മന്ത്രിമാരെ കൊണ്ടുവരണം. അല്ലെങ്കില്‍ മന്ത്രി സഭ രാജിവച്ച് പുറത്തുപോകണമെന്നും വി.എസ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടുള്ള കാലം ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍ പറഞ്ഞു. എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ ഗംഗാധരന്‍ നാടാര്‍ അദ്ധ്യക്ഷത വഹിച്ചു. ഘടകകക്ഷി നേതാക്കളായ ജമീലാ പ്രകാശം എം.എല്‍.എ, വി. സുരേന്ദ്രന്‍ പിള്ള, ആനന്ദക്കുട്ടന്‍, ശങ്കര നാരായണന്‍, കെ.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നു തുടങ്ങിയ മാര്‍ച്ചിന് എം.എല്‍.എമാരടക്കമുള്ളവര്‍ നേതൃത്വം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top