തൃശൂര്‍: ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊന്ന കോടീശ്വരന്‍ മുഹമ്മദ് നിഷാമിന് വേണ്ടി നാട്ടുകാരുടെ പേരില്‍ പൊതുയോഗം.
ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നുത് . ജൂണ്‍ 1 വ്യാഴാഴ്ചയാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്.
യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ട്.
എന്നാല്‍ ആരാണ് നോട്ടീസിറക്കിയതെന്ന് വ്യക്തമല്ല. തങ്ങളുടെ നേതൃത്വത്തില്ല പൊതുയോഗം വിളിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.
ജയിലില്‍ കിടന്നും നിഷാം ബിസിനസ്സ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് പരിഗണനയിലാണ്. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിഷാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി.