ന്യൂഡല്‍ഹി:ബിജെപി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാദറ്റ്ഹ്തിന്റെ മുനയൊടിച്ച് രേഖകള്‍ പുറത്ത് .. ഉറി ആക്രമണവും മിന്നലാക്രമണവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കെ, 2011-ല്‍ ഇന്ത്യയും പാകിസ്താനും നടത്തിയ മറ്റൊരു മിന്നലാക്രമണത്തിന്റെ രേഖകള്‍ പുറത്തുവന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം അതിര്‍ത്തികടന്ന് നടത്തിയ ആദ്യത്തെ മിന്നലാക്രമണമാണ് ഈയിടെ നടത്തിയതെന്ന് ബി.ജെ.പി. അവകാശപ്പെടുമ്പോഴാണ് അഞ്ചുവര്‍ഷംമുമ്പ് നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ‘ഓപ്പറേഷന്‍ ജിഞ്ചര്‍’ എന്ന മിന്നലാക്രമണത്തിന്റെ രേഖകള്‍ ‘ദ ഹിന്ദു’ ദിനപ്പത്രമാണ് പുറത്തുകൊണ്ടുവന്നത്.
2011 ജൂലൈ 30ന് കുപ്‍വാരയിലെ ഗുഗാല്‍ധര്‍ സൈനിക പോസ്റ്റ് കടന്നെത്തിയ പാക്ക് സൈന്യം 20 കുമാവൂണ്‍ ബറ്റാലിയനുനേരെ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനുശേഷം ഹവില്‍ദാര്‍ ജയ്പാല്‍ സിങ് അധികാരിയുടെയും ലാന്‍സ് നായിക് ദേവേന്ദര്‍ സിങ്ങിന്റെയും തലകള്‍ അറുത്തുകൊണ്ടുപോയി. ആക്രമണത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന സൈനികനാണു പാക്ക് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ചു വിവരം നല്‍കിയത്. ഇയാള്‍ പിന്നീടു മരിച്ചു. രണ്ടു സൈനികരുടെയും അറുത്തെടുത്ത തലകള്‍ പാക്ക് സൈന്യം പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കുന്നതിന്റെ വിഡിയോ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിനു ലഭിക്കുകയും ചെയ്തു.
പാക്കിസ്ഥാന് ഇതിനുള്ള മറുപടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ ജിഞ്ചര്‍’ പദ്ധതിയിട്ടത്. ഇതിനായി മൂന്നു പാക്ക് സൈനിക പോസ്റ്റുകളാണു തിരഞ്ഞെടുത്ത്. ജോര്‍ മേഖലയിലെ ചൗക്കി, ഹിഫാസത്, ലഷ്ദാത് ലോഡ്ജിങ് എന്നിവയായിരുന്നു അത്. പാരാ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെട്ട മൂന്നു സൈനിക സംഘങ്ങളെ ആക്രമണത്തിനായി തയാറാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ച ചൊവ്വാഴ്ച ദിവസം മിന്നലാക്രമണത്തിനായി തിരഞ്ഞെടുത്തു. 2011 ഓഗസ്റ്റ് 30ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഈദിന് ഒരു ദിവസം മുന്‍പായിരുന്നു ഇന്ത്യയുടെ ആക്രമണം. ഈ സമയത്ത് ഇന്ത്യ തിരിച്ചടിക്കുമെന്നു പാക്കിസ്ഥാന്‍ പ്രതീക്ഷിക്കില്ലെന്നു ഇന്ത്യന്‍ സൈന്യത്തിന് വ്യക്തമായി അറിയാമായിരുന്നു.
25 പേരടങ്ങിയ സൈനിക സംഘം ഓഗസ്റ്റ് 29ന് പുലര്‍ച്ചെ മൂന്നിന് ലോഞ്ച് പാഡില്‍ എത്തി. രാത്രി 10 വരെ അവിടെ മറഞ്ഞിരുന്നു. അതിനുശേഷം നിയന്ത്രണരേഖ കടന്ന് പൊലീസ് ചൗക്കിക്ക് സമീപത്തായെത്തി. ഓഗസ്റ്റ് 30നു പുലര്‍ച്ചെ നാലു മണിയോടെ ആക്രമണത്തിനായി സൈന്യം തയാറായി. അതിനുമുന്‍പേ പ്രദേശത്തു കുഴിബോംബുകളും സ്ഫോടക വസ്തുക്കളും സ്ഥാപിച്ചു. കമാന്‍ഡോകള്‍ അവരവരുടെ സ്ഥാനത്തു തയാറായി നിന്നു. രാവിലെ ഏഴിന് നാലു പാക്ക് സൈനികര്‍ തങ്ങള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്കു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അവര്‍ സമീപമെത്തുന്നതുവരെ സൈന്യം കാത്തുനിന്നു. തുടര്‍ന്ന് ബോംബുകള്‍ പൊട്ടിച്ചു.
സ്ഫോടനത്തില്‍ പാക്ക് സൈനികര്‍ക്കു ഗുരുതര പരുക്കേറ്റു. ഇതില്‍ മൂന്നു സൈനികരുടെ തലകള്‍ ഇന്ത്യന്‍ സൈന്യം അറുത്തെടുത്തു. രണ്ടു ഇന്ത്യന്‍ സൈനികരുടെ തലയറുത്തതിന്റെ പ്രതികാരമായാണ് മൂന്നു പാക്ക് സൈനികരുടെ തലയറുത്തത്. അവരുടെ യൂണിഫോമിലെ സൈനികമുദ്രകളും ആയുധങ്ങളും പിടിച്ചെടുത്തു. അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ മൃതദേഹങ്ങളൊന്നില്‍ ഒളിപ്പിച്ചുവച്ചു. മൃതദേഹം നീക്കം ചെയ്യാനെത്തുമ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു കൂടുതല്‍ മരണം സംഭവിക്കാനാണ് ഇങ്ങനെ ചെയ്തത്.
സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പാക്ക് സൈനികരെ മറഞ്ഞിരുന്ന രണ്ടാമത്തെ ഇന്ത്യന്‍ സൈനിക സംഘം കൊന്നു. ഇന്ത്യന്‍ സൈന്യത്തെ കൊല്ലാനായി ഓടിയെത്തിയ മറ്റു രണ്ടു പാക്ക് സൈനികരെ മൂന്നാമത്തെ ഇന്ത്യന്‍ സംഘം കൊലപ്പെടുത്തി. ആക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യം മടങ്ങവേ പാക്ക് സൈനികരുടെ മറ്റൊരു സംഘം സംഭവസ്ഥലത്തേക്കു വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉഗ്ര സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. മൃതദേഹത്തില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അനുമാനം. ഇതില്‍ രണ്ടോ മൂന്നോ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു കാണുമെന്നാണു സൈന്യത്തിന്റെ കണക്കുകൂട്ടല്‍.
ഓപ്പറേഷന്‍ 45 മിനിറ്റ് നീണ്ടുനിന്നു. 7.45ന് ഇന്ത്യന്‍ സൈന്യം സംഭവസ്ഥലത്തുനിന്നു പിന്‍വാങ്ങി. ഉച്ചയ്ക്ക് 12ന് ആദ്യ സംഘം മടങ്ങിയെത്തി. രണ്ടരയ്ക്കു മുന്‍പായി മറ്റു രണ്ടു ഇന്ത്യന്‍ സംഘവും സുരക്ഷിതമായി മടങ്ങിയെത്തി. ഏകദേശം 48 മണിക്കൂറോളം ഇന്ത്യന്‍ സൈന്യം ശത്രുപാളയത്തില്‍ ഉണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. എട്ടു പാക്ക് സൈനികരെ ഇന്ത്യന്‍ സേന കൊലപ്പെടുത്തിയതായും മൂന്നുപേരെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതായി രേഖകള്‍ പറയുന്നു.</പ്>
ഇന്ത്യന്‍ സൈന്യം അറുത്തെടുത്തുകൊണ്ടുവന്ന പാക്ക് സൈനികരുടെ തലകള്‍ ഫോട്ടോയെടുത്തശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കത്തിച്ചു. രണ്ടു ദിവസത്തിനുശേഷം മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ചാരം കിഷന്‍ ഗംഗയില്‍ ഒഴുക്കി. ഡിഎന്‍എ പരിശോധന പോലുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും ആക്രമണത്തില്‍ പങ്കെടുത്ത സൈനികന്‍ പറഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടിലുണ്ട്.മിന്നലാക്രമണം മുമ്പും നടന്നിട്ടുണ്ടെന്ന് രേഖകള്‍ സഹിതം വ്യക്തമാക്കുന്ന ഈ പുതിയ വെളിപ്പെടുത്തല്‍, വരുംദിവസങ്ങളില്‍ രാഷ്ട്രീയചര്‍ച്ചയാകുമെന്നാണ് സൂചന.