ഹൈദരാബാദ് : തെലങ്കാനയിലെ ബിജെപിക്കു വേണ്ടി എംഎല്‍എമാരെ കൂറുമാറ്റാനുള്ള ‘ഓപ്പറേഷന്‍ താമര’ വിവാദത്തിൽ ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിആർഎസ്. തുഷാർ വെളളാപ്പളളി ഏജന്റുമാർ വഴി ടിആർഎസ് എംഎൽഎമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തിനുളളിൽ ഡീൽ ഉറപ്പിക്കാമെന്ന് ശബ്ദരേഖയിൽ പറയുന്നു. ടിആർഎസ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്നും തുഷാറിന്റെതെന്ന ശബ്ദരേഖയിൽ പറയുന്നുണ്ട്.നേരത്തെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച് ബിജെപിയും രംഗത്തെത്തി. എന്നാൽ എംഎല്‍എമാരുമായി തുഷാര്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം ടിആര്‍എസ് പുറത്തുവിട്ടു.
തുഷാര്‍ വെള്ളാപ്പള്ളിയെ അഭിസംബോധന ചെയ്തു തുടങ്ങുന്ന സംഭാഷണത്തില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എൽ.സന്തോഷുമായി എംഎൽഎമാരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നുണ്ട്. ബി.എല്‍.സന്തോഷുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാമെന്നും ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നു. എന്നാല്‍ ഇത് തുഷാറാണോയെന്നത് ഉറപ്പിച്ചിട്ടില്ല. 4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി.
ബിആര്‍എസ് എന്ന പേരില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച ചന്ദ്രശേഖര റാവുവിന് ഈ സംഭവത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സ്വീകാര്യത കൂടുമെന്നാണു വിലയിരുത്തല്‍. എട്ടു സംസ്ഥാനങ്ങളില്‍ ഇതേസംഘം എംഎല്‍എമാരെ കൂറുമാറ്റിയിട്ടുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലും ഡല്‍ഹിയിലും ആന്ധ്രപ്രദേശിലും ഓപ്പറേഷന്‍ താമര സജീവാണെന്നു ഇടനിലക്കാര്‍ പറയുന്ന ദൃശ്യങ്ങളും കെസിആര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.