തിരുവനന്തപുരം: നോട്ട് നിരോധനത്തെതുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളിലൂടെയുണ്ടായ ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
ശമ്പളം മുടങ്ങുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ല. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ നടത്തുന്നത് വെറും റോഡ് ഷോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായും മുടങ്ങി. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ദുരന്ത നിവാരണ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന ആവശ്യപ്പെടുന്ന തുക റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഇന്നലെ ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിസന്ധി എത്രമാത്രം രൂക്ഷമാകുമെന്നു പറയാന്‍ കഴിയൂ എന്നും ധനമന്ത്രി പറഞ്ഞു.
നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ സംസ്ഥാനം 167 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ 117 കോടി രൂപ മാത്രമായിരുന്നു ആര്‍ബിഐ നല്‍കിയത്. അടുത്ത ദിവസം 140 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 99 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇത് സ്ഥിതി തുടര്‍ന്നാല്‍ ശമ്പള-പെന്‍ഷന്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും.