
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രതിപക്ഷനേതാവിനെ കണ്ടെത്താൻ കോൺഗ്രസിനുള്ളിൽ തന്നെ തർക്കം മുറുകുന്നതിനിടെ ഒത്തു തീർപ്പു സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും പി.ടി തോമസിനെയും പരിഗണിക്കുന്നതായി സൂചന. എ- ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയെ വെട്ടാൻ ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ഒന്നു ചേർന്നതെന്ന സൂചനകൾ ലഭിക്കുന്നത്. ഉമ്മൻചാണ്ടിക്കും സുധീരനും എതിരെ രമേശിന്റെ മൗന സമ്മതത്തോടെ ഹൈക്കമാൻഡിനു റിപ്പോർട്ട് അയച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇരുവരും ഒന്നിച്ചു ചേർന്ന് രമേശിനെതിരെ തിരിഞ്ഞിരിക്കുന്നത്.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കമാണ് ഐ ഗ്രൂപ്പ് ഇപ്പോൾ നടത്തുന്ന്. നിയമസഭയിൽ ഭൂരിപക്ഷം തങ്ങൾക്കാണെന്നും അതു കൊണ്ടു തന്നെ തങ്ങൾക്കു തന്നെ പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്നു ഐ ഗ്രൂപ്പ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, രമേശിനു പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചാൽ ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഇപ്പോൾ എ ഗ്രൂപ്പ് നേതൃത്വം പറയുന്നത്. അതുകൊണ്ടു തന്നെ പി.ടി തോമസിനെപ്പോലെ ശക്തനായ നേതാവ് തന്നെ സ്ഥാനത്ത് എത്തണമെന്നും സുധീരനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നു.
ഉമ്മൻചാണ്ടി മാറി നിൽക്കുന്ന സാഹചര്യത്തിൽ എ ഗ്രൂപ്പിലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തരിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ, തിരുവഞ്ചൂർ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ തങ്ങൾക്കുള്ള സ്വാധീനം വീണ്ടും കുറയുമെന്നു ഐ ഗ്രൂപ്പും ഭയപ്പെടുന്നു. ഇതോടെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ നിർണായകമാകും.