പോലീസ് തലപ്പത്തെ തമ്മിലടി നിയമസഭയില്‍ ഭരണപക്ഷത്തിനെതിരേ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പോലീസ് തലപ്പത്തെ തമ്മിലടി നിയമസഭയില്‍ ഭരണപക്ഷത്തിനെതിരേ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം.ഉന്നതനായ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചു ഡിജിപി റാങ്കിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയ സാഹചര്യം, മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരേയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണു പ്രതിപക്ഷം.

പോലീസിലെ ഒരു വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്ന എഡിജിപിയുടെ നേതൃത്വത്തില്‍ തന്റെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകളും ഇ–മെയിലും ചോര്‍ത്തുന്നുവെന്ന ജേക്കബ് തോമസിന്റെ പരാതിയും വിജിലന്‍സ് ഡയറക്ടര്‍ സ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ കത്തും പ്രതിപക്ഷം നിയമസഭയില്‍ വിഷയമായി ഉന്നയിച്ചേക്കാം. ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ലെന്നു മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദത്തിലാക്കുകയാണു പ്രതിപക്ഷ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടില്‍നിന്നു തുറന്നുവിട്ട തത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിനു ചുറ്റും പറന്നുനടക്കുകയാണെന്നു വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ പരാമര്‍ശിച്ചു പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. ശാരീരിക അസ്വാസ്‌ഥ്യങ്ങളെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ എത്താതിരുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളില്‍നിന്നു രക്ഷപ്പെടാനായി. മന്ത്രി എ.കെ. ബാലനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പലപ്പോഴും മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞിരുന്നത്.

പോലീസ് തലപ്പത്തെ പോരില്‍, മുഖം രക്ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാരിനും മുന്നോട്ടു പോകേണ്ടതുണ്ടെന്നാണു മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌ഥാനത്തുനിന്നു മാറ്റണമെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യം പരിഗണിക്കുന്നതടക്കം പോലീസ് തലപ്പത്തു സമഗ്ര അഴിച്ചുപണി നടത്തുകയാണ് ഇതിനുള്ള പോംവഴിയെന്നാണ് ഈ കേന്ദ്രങ്ങളുടെ അഭിപ്രായം. ജേക്കബ് തോമസിനു പകരം വിജിലന്‍സ് ഡയറക്ടര്‍ സ്‌ഥാനത്തേക്കു രാജേഷ് ദിവാന്റേത് അടക്കമുള്ള പേരുകള്‍ പരിഗണിക്കുന്നുണ്ട്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പോരടിക്കുന്ന ഐപിഎസ് ഉന്നതരെ മുഴുവന്‍ മാറ്റണോ എന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാല്‍ ഇവരുടെ കൂട്ടത്തോടെയുള്ള മാറ്റം പുതിയ വിവാദങ്ങള്‍ക്കു വഴിമരുന്നിടുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ നീക്കങ്ങളെത്തുടര്‍ന്നു ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥര്‍ ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരായ വിന്‍സന്‍ എം. പോള്‍, ശങ്കര്‍ റെഡ്ഡി എന്നിവര്‍ ജേക്കബ് തോമസിനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ സ്‌ഥാനത്തിരുന്നപ്പോള്‍ സോളാര്‍ പാനല്‍ സ്‌ഥാപിച്ചതില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നു ധനകാര്യവകുപ്പിലെ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു.

പോലീസ് ഉന്നതര്‍ക്കിടയിലെ പോരു രൂക്ഷമാകുന്നതിനിടയില്‍ സംസ്‌ഥാനത്തു ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നതായും ഗുണ്ടാ മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Top