
തിരുവനന്തപുരം: സ്ത്രീ സുരക്ഷയിയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി സത്യം മറച്ച് വെച്ച് സംസാരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
പിടി തോമസ് അപേക്ഷ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭാ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികള്‍ സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നെങ്കിലും സമവായം ഉണ്ടായില്ല. ഇതോടെ പ്രതിഷേധം തുടരുമെന്ന അറിയിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലടക്കം സ്ത്രീസുരക്ഷാ വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമാമെന്നും വിഷയം സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം സഭ തുടങ്ങിയത് മുതല്‍ പ്രതിഷേധം ഉയര്‍ത്തി. ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണവും നല്‍കി. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ കൃത്യമായി കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് ക്യത്യമായി വിഷയത്തില്‍ ഇടപെട്ടു, ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചതിനാലാണ് പ്രതികളെ പിടികൂടാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് സഭയില്‍ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എംഎല്‍മാര്‍ സ്പീക്കറുടെ ഡയസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി. കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ സ്പീക്കര്‍ ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കാമെന്ന് ഈ അവസരത്തില്‍ സ്പീക്കര്‍ പറഞ്ഞിരുന്നു.
ക്ഷുഭിതരായ പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ബാനര്‍ ഉയര്‍ത്തിക്കാട്ടി സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധത്തില്‍ സഭ തടസപ്പെടുത്തിയ പ്രതിപക്ഷം, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ ബഹളത്തിലാണ് നിയമസഭ നടന്നത്.
ഏതെങ്കിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ അത് രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നടപടികളെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീസുരക്ഷ മുന്‍ നിര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണെന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രതികരണം പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഇത്തരത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കുന്നത് അന്വേഷണം ആ ദിശയിലേക്ക് നീങ്ങാതിരിക്കാനാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. സ്ത്രീ സുരക്ഷാ വിഷയത്തില്‍ സര്‍ക്കാരിനെതരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു.