ഒറ്റ പാട്ടുകൊണ്ടും അതിലെ നായികയുടെ കണ്ണിറുക്ക് കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ചിത്രീകരണം നടക്കുന്ന ഒരു അഡാര്‍ ലവ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ശ്രദ്ധകിട്ടിയത് പാട്ട് ബോറായതുകൊണ്ടാണെന്ന് മാത്രം.
ഒരു അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനത്തിനാണ് പ്രേക്ഷകരുടെ നെഗറ്റീവ് റസ്പോണ്‍സ് ഉണ്ടായിരിക്കുന്നത്. ഗാനത്തിന്റെ യൂടൂബിലെ വീഡിയോയില്‍ ലക്ഷക്കണക്കിന് ആള്്കകാരാണ് ഡിസ്ലൈക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബിലൂടെ ഇന്നലെയാണ് ഗാനം റിലീസ് ചെയ്തത്. നൃത്തച്ചുവടുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പാട്ടിന് ഇതിനോടകം പതിനായിരത്തില്‍ കൂടുതല്‍ ലൈക്ക് ലഭിച്ചെങ്കിലും രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഡിസ്ലൈക്കാണ് ലഭിച്ചത്.
ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് സത്യജിത്തും നീതു നടുവത്തെട്ടുമാണ് ശബദം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം മാണിക്യമലരായ പൂവിക്ക് ലഭിച്ച പ്രേക്ഷക ശ്രദ്ധ രണ്ടാമത്തെ ഗാനത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏവര്‍ക്കും പ്രിയപ്പെട്ട പഴയ മാപ്പിളപാട്ട് ‘മാണിക്യ മലരായ പൂവിയുടെ’ ഷാന്‍ റഹ്മാന് വേര്‍ഷനാണ് അണിയറക്കാര്‍ ആദ്യം പുറത്തിറക്കിയത്. ഷാന്‍ റഹ്മാന് ഇണമിട്ട് വിനീത് ശ്രീനിവാസനായിരുന്നു ഗാനം ആലപിച്ചത്. എന്നാല്‍ പുതിയഗാനം ഷാന്‍ തന്നെ ഒരുക്കിയതാണോ എന്നുവരെ പ്രേക്ഷകര്‍ സംശയം ഉന്നയിക്കുന്നു.
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചന് മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മിക്കുന്നത്.