ന്യൂഡല്‍ഹി:അല്‍ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാന്റെ അതിഥിയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍. പാക്ക് പ്രസിഡന്റ് സര്‍ദാരി, ജനറല്‍ കയാനി തുടങ്ങിയവര്‍ക്കെല്ലാം തന്നെ ബിന്‍ലാദനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു. സൈന്യത്തിലെ ചിലര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. ബിന്‍ലാദന്റെ വളര്‍ച്ചയെക്കുറിച്ച് അവര്‍ ശ്രദ്ധാലുക്കളായിരുന്നുവെന്നും മുക്താര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ മണ്ണില്‍ ബിന്‍ലാദന്‍ ഉണ്ടായിരുന്നുവെന്ന് എല്ലാ രാജ്യങ്ങളും പറഞ്ഞിരുന്നുവെങ്കിലും അത് സമ്മതിക്കുന്നതിന് അവര്‍ തായാറായിരുന്നില്ല. ബിന്‍ലാദനെ എവിടെയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നുമായിരുന്നു പാക്കിസ്ഥാന്‍ സ്ഥിരം നിലപാട്. പിന്നീട് ഇസ്‌ലാമാബാദില്‍ നിന്ന് 100 കിലോ മീറ്റര്‍ ദൂരെയുള്ള അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ആക്രമണം നടത്തി യുഎസ് ബിന്‍ലാദനെ വധിച്ചെങ്കിലും ഇതേപ്പറ്റി യാതൊന്നും അറിയില്ല എന്നായിരുന്നു അവരുടെ നിലപാട്. പാക്ക് മിലിട്ടറി അക്കാദമിയില്‍നിന്ന് വളരെ അടുത്തുണ്ടായിരുന്ന കെട്ടിടത്തില്‍ ലാദനാണ് ഒളിവില്‍ കഴിഞ്ഞിരുന്നതും അറിയില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്.