അഭയ മുതല്‍ കണ്ണൂരിലെ പേരറിയാത്ത പതിനാറുകാരിവരെ…. കേരളത്തിലെ കത്തോലിക്കാസഭയിലെ പുരോഹിതന്‍മാരുടെ ലൈംഗീക പീഡനങ്ങള്‍ ”പാപികളായ അച്ചന്‍മാര്‍”

കേരളത്തിലെ കത്തോലിക്കാ സഭ എന്നും കടുത്ത പ്രതിരോധത്തിലായിട്ടുള്ളത് വൈദീകരുടെ ലൈഗീക പീഡന കേസുകളിലാണ്. പതിറ്റാണ്ടുകളോളം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ച സിസ്റ്റര്‍ അഭയമുതല്‍ പേരറിയുന്നവരും അറിയാത്തവരുമായ നിരവധി സ്ത്രീകള്‍ ഇടയന്‍മാരുടെ പീഡനത്തിനിരയായി. കഴിഞ്ഞ മാസമാണ് ഒമ്പാതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച വൈദികന് ജയില്‍ശിക്ഷ വിധിച്ചത്. ഏറ്റവുമൊടുവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഭയിലെ ഉന്നതതനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു…. കഴിഞ്ഞ ജനുവരിയില്‍ ഔട്ട് ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച് കേരള കത്തോലിക്കാ സഭയിലെ പീഡന കഥകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ പുന പ്രസിദ്ധീകരിക്കുകാണ്., കത്തോലിക്കാ സഭയിലെ വെള്ളയടിച്ച കുഴിമാടങ്ങളുടെ ക്രിമിനല്‍ കഥകള്‍ ഔട്ട് ലുക്ക് മാഗസിനില്‍ മിനു ഇട്ടി രേഖകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.

രണ്ടാഴ്ച്ച മുമ്പാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയുടെ പുരോഹിതരുടെ തെറ്റുകള്‍ക്ക് പശ്ചാത്താപം പ്രകടിപ്പിച്ച് ലോകത്തോട് ക്ഷമചോദിച്ചത് . ഇന്ത്യന്‍ കത്തോലിക്ക സഭ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിന്‍ മേല്‍ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ലെന്ന് പറഞ്ഞാണ് ഔട്ട് ലുക്കിന്റെ കവര്‍ സ്റ്റോറി തുടങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിസ്തു ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടയ്ക്കടിച്ച് പുറത്താക്കുന്ന ബൈബിള്‍ ഭാഗം ഉള്‍ പേജില്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. കേരള കത്തോലിക്ക സഭയേയും വിശ്വാസ സമൂഹത്തെയും പിടിച്ചു കുലുക്കിയ ഏഴ് കുറ്റകൃത്യങ്ങളുടെ കഥയും ഇന്ത്യന്‍ കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ സെക്രട്ടറിയുമായ ബിഷപ് തിയോഡര്‍ മസ്‌കരാനസുമായുള്ള അഭിമുഖവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ സിബിസിഐ പുതിയ നയം പുറത്തുവിടുമെന്നാണ് ബിഷപ്പ് അഭിമുഖത്തില്‍ പറയുന്നത്.

എഡി 52ല്‍ തോമാശ്ലീഹ ഇന്ത്യയില്‍ ക്രിസ്തുമതപ്രചാരണത്തിനായി എത്തിയ കൊടുങ്ങല്ലൂരുനിന്നും 10 കിലോമീറ്റര്‍ അകലെയുള്ള പുത്തന്‍വേലിക്കരപ്പള്ളിയിലാണ് 14കാരിയായ പെണ്‍കുട്ടി ബലാത്സംഘം ചെയ്യപ്പെട്ട സംഭവത്തോടെയാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. 2015 ഏപ്രില്‍ ഒന്നിന് പോലീസ് പരാതി സ്വീകരിച്ച ലൈംഗിക കുറ്റകൃത്യത്തിലെ പ്രതി പുത്തന്‍വേലിക്കര ലൂര്‍ദ്മാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗറസ്(41). കീഴ്ക്കോടതി പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പുരോഹിതനെ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കുമ്പസാരക്കൂട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പുരോഹിതഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ലൈംഗിക ചൂഷണം തുടര്‍ന്നു. ഇടവക വികാരി മകളോടുചെയ്ത ഭീകരത അറിഞ്ഞ മാതാപിതാക്കള്‍ ബിഷപ്പിനെക്കണ്ട് ഈ പുരോഹിതന്‍ ഇനിയൊരിക്കലും അള്‍ത്താരയില്‍ കയറി കുര്‍ബ്ബാന അര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരി ഫാദര്‍ എഡ്വിന്‍ ഫിഗറസിനെ സസ്പെന്‍ഡ് ചെയ്തു. പക്ഷെ മാര്‍ച്ച് 29ന് ക്രിസ്ത്യന്‍ വിശ്വാസികളുടെ ഏറ്റവും പവിത്രമായദിനങ്ങളിലൊന്നായ ഓശാന ഞായറാഴ്ച്ച എഡ്വിന്‍ ഫിഗറസ് എന്ന പുരോഹിതന്‍ കുര്‍ബ്ബാന ചൊല്ലി. സഭയില്‍ നിന്നും നീതികിട്ടില്ലെന്ന തിരിച്ചറിവാണ് കുട്ടികളുടെ മാതാപിതാക്കളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ‘ഞങ്ങള്‍ അയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഇടവകകളില്‍ അയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ കേസന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം വര്‍ഗീസ് ഔട്ട് ലുക്കിനോട് പറഞ്ഞു.

തൃശ്ശൂര്‍ തൈക്കാട്ടുശേരി 2009ല്‍ ഒരു ഒമ്പതുവയസ്സുകാരി പുരോഹിതഗൃഹത്തില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് മറ്റൊരു വിവരണം. സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയായിരുന്ന ഫാദര്‍ രാജു കൊക്കനാണ് പ്രതി. ആദ്യകുര്‍ബാനക്ക് അണിയാനായി പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പുരോഹിതന്‍ പെണ്‍കുട്ടിയെ പുരോഹിതഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതും ലൈംഗികമായി ഉപയോഗിച്ചതും. പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചശേഷം ഫാദര്‍ കൊക്കന്‍ ജനനേന്ദ്രിയത്തിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒല്ലൂര്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് കീഴ്ക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യം ലഭിച്ച കൊക്കന്‍ തൃശ്ശൂരിലെവിടെയോ ഉള്ള കുഷ്ഠരോഗികള്‍ക്കായുള്ള ശുശ്രൂഷ ഹോമില്‍ ഉണ്ടെന്നാണ് അറിവ്. സഭാകോടതി ഇതുവരെയും കൊക്കനെതിരെ നടപടി എടുത്തിട്ടില്ല.

സഭാപ്രശ്നങ്ങളില്‍ കൃത്യമായി അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തക്ക ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ട്. എല്ലാ രൂപതയിലും ഒരു ജുഡീഷ്യല്‍ വികാരിയടങ്ങുന്ന സമിതി അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് സഭാനിയമം. ഗൗരവതരമായ കുറ്റങ്ങള്‍ വത്തിക്കാനിലും പോലീസിലും അറിയിക്കുകയും വേണം. 17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ജൂലൈയില്‍ ആണ് പാലക്കാട് വാളയാര്‍ സെന്റ് സ്റ്റാനിസ്ലോസ് പള്ളിയില്‍വെച്ചാണ് സംഭവം നടന്നത് കൊലപാതകത്തിനുശേഷം ഫാത്തിമയുടെ അമ്മ ശാന്തി റോസലിനെ ഫോണ്‍ ചെയ്ത ഫാദര്‍ ആരോക്കിയ രാജ് താന്‍ ‘കൊന്നു’ എന്ന് പലതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന ആരോക്കിയ രാജ് തിരുത്തി. പാലക്കാട് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം വിട്ടുകിട്ടാനായി പോലീസ് കാണിച്ച രേഖകളില്‍ വീട്ടുകാര്‍ക്ക് ഒപ്പിട്ടു നല്‍കേണ്ടിവന്നു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷെ ആത്മഹത്യയാണെന്ന് അറിയിച്ച് പോലീസ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് അവസാനിപ്പിച്ചു.
സഭാകോടതി നടത്തിയ വിചാരണയില്‍ ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് ഫാദര്‍ ആരോക്കിയ രാജ് ഏറ്റു പറഞ്ഞു. ബിഷപ്പടങ്ങുന്ന സമിതി വിവരം പോലീസില്‍ അറിയിച്ചില്ലെന്നു മാത്രമല്ല പ്രതിയെ സംരക്ഷിക്കുകയാണുണ്ടായത്. ആരോക്കിയ രാജിന് പിന്നീട് നടത്തിയ കുറ്റസമ്മതം റോസലിന്‍ റെക്കോഡ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. തെളിവുകളുടെ അഭാവമാണ് കേസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

സഭ കുറ്റകൃത്യങ്ങളെ വെള്ള പൂശിയതിന്റെ ചരിത്രവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നുവരെ മൂന്നു പുരോഹിതരില്‍ കൊലക്കുറ്റം ചാര്‍ത്തുകയും രണ്ടുപേരെ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളെ വെറുതെ വിടുകയും മറ്റു രണ്ടു പേരുടെ ശിക്ഷ മേല്‍ക്കോടതി കുറയ്ക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് മുമ്പത്തെ സിസ്റ്റര്‍ അഭയസംഭവത്തിലും അരനൂറ്റാണ്ട് മുമ്പുണ്ടായ മറിയക്കുട്ടി കൊലക്കേസിലും ഉള്‍പ്പെടെ എങ്ങനെയൊക്കെയാണ് സഭ ആരോപണവിധേയരെ സംരക്ഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറിയക്കുട്ടി കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫാദര്‍ ബെനഡിക്റ്റ് ഓണംകുളത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം വരെ സഭ നടത്തി. 2001ല്‍ വികാരിയായിരിക്കെ മരിച്ച ഫാദര്‍ ബെനഡിക്റ്റ് കുമ്പസാരരഹസ്യം സൂക്ഷിച്ചതിന് സഹനമേറ്റു വാങ്ങുകയായിരുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. ‘അഗ്‌നിശുദ്ധി’ എന്നപേരില്‍ ഫാദര്‍ ബെനഡിക്റ്റിനക്കുറിച്ച് ഫാദര്‍ എംജെ കളപ്പുരയ്ക്കല്‍ പുസ്തകം എഴുതി. പുസ്തകത്തില്‍ പൗലോച്ചന്‍ എന്നൊരാളാണ് കൊലനടത്തിയതെന്ന് സ്ഥാപിക്കാന്‍ ശ്രമം നടന്നു. 1986ല്‍ കൊല്ലം കുണ്ടറയില്‍ നടന്ന മേരിക്കുട്ടി കൊലപാതകത്തില്‍ ലാറ്റിന്‍ കാത്തലിക് പുരോഹിതനായ ആന്റണി ലാസര്‍ പ്രതിയായിരുന്നു. കൊല്ലാനയച്ചത് അച്ചനാണെന്ന് ഗുണ്ടകള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ടു കേസുകളിലും വന്‍ തുക മുടക്കി വക്കീലുമാരെ വെയ്ക്കുകയാണ് സഭ ചെയ്തതെന്ന അഡ്വക്കറ്റ് ജയശങ്കറുടെ ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

സഭ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വിശ്വാസികളെ കൈകാര്യം ചെയ്യുന്ന രീതി ഗ്രേഷ്യസ് എന്ന വിശ്വാസി പറയുന്നതില്‍ നിന്നു വ്യക്തമാണ്. ‘ഞങ്ങളില്‍ ഭൂരിഭാഗവും മതത്തിന് അടിമകളായി മാറിക്കഴിഞ്ഞു. സഭയുടെ എതിരു നില്‍ക്കുന്നത് വലിയ തെറ്റാണെന്ന് ചെറുപ്പം മുതല്‍ ഞങ്ങളെ പഠിപ്പിക്കും. ഇതില്‍ നിന്നും പുറത്തുകടക്കാനാവില്ല. സണ്‍ഡേ സ്‌കൂളുകളില്‍ പോയില്ലെങ്കില്‍ കുട്ടികളെ വിവാഹം കഴിപ്പിച്ച് നല്‍കില്ല. ഫാദര്‍ ഫിഗറസ് താന്‍ പറഞ്ഞതാണ് സത്യമെന്ന് ഇടവകക്കാരെ ധരിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.’ മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഷാന്റി റോസലിനെ പള്ളിയില്‍ നിന്നു പുറത്താക്കുകയാണ് സഭ ചെയ്തത്. സമാനമായി പ്രവര്‍ത്തിച്ചതിന് ബിന്നി ദേവസ്യക്ക് സഭയില്‍ നിന്നും ഭീക്ഷണി ഉണ്ടായിരുന്നതായി പറയുന്നു.

സിസ്റ്റര്‍ അഭയകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫാദര്‍ കോട്ടൂര്‍ കോട്ടയം രൂപതയുടെ ചാന്‍സലറാണ്. മറ്റൊരു പ്രതിയായ ഫാദര്‍ പൂതൃക്കയില്‍ കാസര്‍ഗോഡ് പയസ് ടെന്‍ത് കോളേജിന്റെ പ്രിന്‍സിപ്പാളായി വിരമിച്ചു. അഡ്വക്കേറ്റ് ബോറിസ് പോള്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ ഇന്നേവരെ ആരോപണവിധേയനായ ഒരു പുരോഹിതനും സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 20 കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കെസിആര്‍എം സംസ്ഥാന കണ്‍വീനര്‍ റെജി ഞള്ളാനി പറയുന്നു. സഭയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പുരോഹിതരേയും കന്യാസ്ത്രീകളെയും സമനില തെറ്റിയവരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സഭ എപ്പോഴും നടത്താറുള്ളതെന്നും ഞള്ളാനി ആരോപിക്കുന്നു.

24 വര്‍ഷം സഭയെ സേവിച്ചശേഷം പുരോഹിതവസ്ത്രം ഉപേക്ഷിച്ച ഫാദര്‍ കളപ്പറമ്പില്‍ പറയുന്നത് എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണം ബ്രഹ്മചര്യം ആണെന്നാണ്. ഭക്ഷണവും താമസവും മാത്രം കൊടുത്ത് യാതൊരു അവകാശവുമില്ലാത്ത അടിമകളായാണ് സഭ പുരോഹിതരേയും കന്യാസ്ത്രീകളേയും ഉപയോഗിക്കുന്നതെന്ന് കളത്തിപ്പറമ്പില്‍ പറയുന്നു.

സഭാനിയമങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്ന ആരോപണമാണ് കാത്തലിക് ലെയ്മെന്‍ അസോസിയേഷന്‍ പ്രതിനിധിയായ എംഎല്‍ ജോര്‍ജ് ആരോപിക്കുന്നത്. വിശ്വാസികളെല്ലാവരും പരസ്യമായി വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സഭാനിയമപ്രകാരം സഭയ്ക്ക് രഹസ്യമായി വിവാഹം നടത്താന്‍ അധികാരമുണ്ട്. സഭയുടെ ചൂഷണം നിര്‍ത്തലാക്കാന്‍ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിട്ടുണ്ട്.

‘അപവാദങ്ങള്‍ സന്യാസം എത്ര വലിയ ത്യാഗമാണെന്ന് തെളിയിക്കുന്നു’ എന്ന സീറോ മലബാര്‍ കാത്തലിക് സഭാ വക്താവ് ഫാദര്‍ തേലക്കാട്ടിന്റെ പ്രസ്താവനയോടോയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Top