സൗദിയില്‍ രണ്ടുവര്‍ഷത്തിനിടെ പതിനഞ്ചുലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 ലല്‍ സ്വകാര്യ മേഖലയില്‍ 84,24,370 വിദേശ തൊഴിലാളികളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം 68,95,514 ആയി കുറഞ്ഞു. 2017, 2018 വര്‍ഷങ്ങളില്‍ 15,28,856 വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. രണ്ടു വര്‍ഷത്തിനിടെ പുതിയ വിസയില്‍ രാജ്യത്തെത്തിയ വിദേശികളെ കൂടി ഉള്‍പ്പെടുത്തിയാണ് സ്വകാര്യ മേഖലയിലെ ആകെ തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നത്. രണ്ടു വര്‍ഷത്തിനിടയില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 15,28,856 പേരുടെ കുറവാണുണ്ടായത്. പുതിയ വിസയില്‍ രാജ്യത്തെത്തിയവരെ കൂടി ഉള്‍പ്പെടുത്തിയിട്ടും വിദേശ തൊഴിലാളികളുടെ ആകെ എണ്ണത്തില്‍ ഇത്രയും പേരുടെ കുറവുണ്ടായി.
ഇതേ കാലയളവില്‍ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 43,755 പേരുടെ വര്‍ധനവുണ്ടായി. 2017 ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഗോസി രജിസ്ട്രേഷനുള്ള 16,60,218 സ്വദേശി ജീവനക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 17,03,973 സ്വദേശി ജീവനക്കാരുണ്ട്.